മട്ടാഞ്ചേരി: നവീകരണം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടിട്ടും സർവിസിനായി തുറന്നുകൊടുക്കാനാകാതെ മട്ടാഞ്ചേരി ബോട്ടുജെട്ടി. രാജ്യത്തെ തന്നെ ആദ്യ പാസഞ്ചർ ബോട്ടുജെട്ടിയുടെ അവസ്ഥയാണിത്. 2018ലാണ് ജെട്ടിയിൽ നിന്നുള്ള ബോട്ട് സർവിസുകൾ നിർത്തിവെച്ചത്.
പ്രളയത്തെ തുടർന്ന് ഒലിച്ചുവന്ന മരക്കഷണങ്ങൾ ജെട്ടിക്ക് സമീപം കായലിൽ പൂണ്ട് കിടപ്പുണ്ടെന്നും ബോട്ടിന്റെ അടിഭാഗം അതിൽ തട്ടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സർവിസ് നിർത്തിയത്. എന്നാൽ ടൂറിസ്റ്റുകളുമായി എത്തുന്ന ഡബിൾ ഡെക്കർ ബോട്ടുകൾ വരെ ഈ ജെട്ടിയിൽ വരാറുറെണ്ടങ്കിലും ഒരു പ്രശ്നവും ഉണ്ടായില്ല.
സർവിസ് നിർത്തിവെച്ചതോടെ ജനകീയ സമരങ്ങൾ നിരവധി നടന്നു. വിദേശ സഞ്ചാരികൾ ഈ ജെട്ടിയിൽ നിന്ന് സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർക്കൊപ്പം സമരം ചെയ്ത അപൂർവ സംഭവവും അരങ്ങേറി. നിരന്തര സമരത്തെ തുടർന്ന് ബോട്ട് ജെട്ടി നവീകരിക്കാൻ അധികാരികൾ തയാറായി. എന്നാൽ, നവീകരണം മന്ദഗതിയിലായിരുന്നു. അഞ്ചു മാസം മുമ്പ് പണി തീർന്നെങ്കിലും ഇതുവരെ സർവിസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ജെട്ടിയോട് ചേർന്ന ഭാഗത്ത് ഡ്രഡ്ജിങ് നടക്കാത്തതാണ് കാരണം. ടൂറിസ്റ്റ് സീസൺ ആരംഭിക്കും മുമ്പ് തന്നെ സർവിസ് തുടങ്ങുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. തുറമുഖത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്കും മട്ടാഞ്ചേരി കാണാനെത്തുന്ന സഞ്ചാരികൾക്കും എറണാകുളം മേഖലയിൽ ജോലിക്കും പഠിക്കാനുമൊക്കെയുള്ളവർക്കുമടക്കം ഏറെ സൗകര്യപ്രദമാണ് ഈ ജെട്ടി. പക്ഷെ അധികാരികൾ എന്ന് കണ്ണ് തുറക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.