അതിജീവിതയെ പീഡിപ്പിച്ച കേസിൽ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി

Estimated read time 1 min read

കൊച്ചി: നിയമസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ അഡ്വ. പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഹൈകോടതി വിധി പറയും. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പ്രതിക്ക് അഭിഭാഷകനെന്ന പരിഗണന നൽകാനാവില്ലെന്നും മനുവിനെതിരായ ആരോപണം ഗുരുതരമാണെന്നും കഴിഞ്ഞ ദിവസം ഹൈകോടതി വ്യക്തമാക്കിയിരുന്നു. അതിജീവിതയുടെ ശാരീരിക-മാനസിക അവസ്ഥ സംബന്ധിച്ച് ഡോക്ടറുടെ റിപ്പോർട്ടും കോടതി തേടിയിരുന്നു.

മുമ്പ് പീഡനത്തിനിരയായ യുവതി ഈ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് തന്നെ സമീപിച്ചതെന്നും പരാതിക്കാരി ആരോപിക്കുന്ന കുറ്റകൃത്യം തന്നിൽ നിന്നുണ്ടായിട്ടില്ലെന്നുമാണ് മുൻകൂർജാമ്യ ഹരജിയിൽ മനുവിന്‍റെ വാദം. ജോലി സംബന്ധമായ ശത്രുതയെ തുടർന്ന് തന്‍റെ അന്തസ്സും സൽപേരും തകർക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായി യുവതി നൽകിയ വ്യാജ പരാതിയാണിതെന്നും പറയുന്നു.

ഇരയായ യുവതിയെ കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. നിയമ സഹായത്തിനായി അഭിഭാഷകനെ സമീപിച്ച തന്നെ അധികാരം ദുരുപയോഗം ചെയ്തും തന്‍റെ സമ്മതമില്ലാതെയും പീഡനത്തിനിരയാക്കിയെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഹരജിയിലെ ആവശ്യം. ഇയാൾ പല തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും ഹരജിയിൽ യുവതി ആരോപിക്കുന്നു.

സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജഡ്ജി പാനലിൽ ഉൾപ്പെടാൻ സാധ്യതയുള്ളയാളാണ് താനെന്നും പരാതി പിൻവലിക്കണമെന്നും സഹോദരനെ ഫോണിൽ വിളിച്ച് ഇയാൾ അഭ്യർഥിച്ചു. ഇതിന്‍റെ ശബ്ദരേഖയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പരിശോധന നടത്തിയ ഡോക്ടറുടെ ഭാഗത്തു നിന്നും അപമാനമുണ്ടായി. മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടേണ്ടിയുംവന്നു.

ബലം പ്രയോഗിച്ചെടുത്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതി പ്രചരിപ്പിക്കാൻ സാധ്യതയുണ്ട്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ ഹരജിയിൽ കക്ഷിചേർക്കണമെന്നും പ്രതിയുടെ ഫോണടക്കം സാമഗ്രികൾ പിടിച്ചെടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഹൈകോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ പദവിയിൽ നിന്ന് പി.ജി. മനുവിനെ പുറത്താക്കിയിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചോറ്റാനിക്കര പൊലീസ് ചുമത്തിയിട്ടുണ്ട്.

You May Also Like

More From Author