
കൊച്ചി: ജില്ലയിലെ നിരത്തുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. അശ്രദ്ധ മുതൽ വാഹനങ്ങളുടെയോ റോഡുകളുടെയോ അപകടാവസ്ഥ വരെ കാരണങ്ങളാവുമ്പോൾ ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിലൂടെ അപകടങ്ങളുണ്ടാകുന്ന സംഭവങ്ങളും വ്യാപകമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021 മുതൽ ഇക്കഴിഞ്ഞ മാർച്ച് 14 വരെയുള്ള കണക്കുകൾ പ്രകാരം 94 അപകടങ്ങൾ ഇത്തരത്തിൽ ജില്ലയിലുണ്ടായിട്ടുണ്ട്. ഇതിലൂടെ 14 പേർക്കാണ് ജീവൻ നഷ്ടമായത്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിച്ചത് മൂലമാണ് ഇത്തരം അപകടങ്ങളുണ്ടായത്. ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 68,542 പേർ നിയമനടപടികൾ നേരിടുകയും 33,866 പേർ ശിക്ഷിക്കപ്പെടുകയും ചെയ്തു. സ്വകാര്യ-പൊതുഗതാഗത വാഹനങ്ങളിൽ ഉൾപ്പെടെ ഈ നിയമലംഘനം നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അകത്താകാൻ വകുപ്പുണ്ട്
മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന നിയമം വകുപ്പ് 185 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപിക്കും. കുറ്റത്തിന് 10,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവും തുടർന്ന് ആവർത്തിച്ചുള്ള കുറ്റത്തിന് 15000 രൂപ വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷ ലഭിക്കാവുന്നതാണ്. മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച് വാഹനം ഓടിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചുവരുന്നു.
+ There are no comments
Add yours