
പ്രദർശന മേളയിൽ ബർമ്മ ബ്രിഡ്ജ് നിർമിക്കുന്ന അഗ്നിരക്ഷാസേന അംഗങ്ങൾ
കൊച്ചി: രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം-മെഗാ പ്രദര്‍ശന വിപണന മേളക്ക് ശനിയാഴ്ച കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമാകും. വൈകീട്ട് നാലിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് കലക്ടർ എൻ.എസ്.കെ ഉമേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനസമ്മേളനത്തിൽ കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
മെയ് 23 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ വകുപ്പുകളുടെ 194 തീം-സര്‍വിസ് സ്റ്റാളുകളും 82 കൊമേഴ്ഷ്യല്‍ സ്റ്റാളുകളും ഉള്‍പ്പെടെ ശീതീകരിച്ച 276 ലധികം സ്റ്റാളുകള്‍ സജികരിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ഏഴ് വകുപ്പുകള്‍ക്കായി മിനി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സ്ഥലവും നീക്കി വെച്ചിട്ടുണ്ട്. 57000 ചതുരശ്രയടിയിൽ ആണ് പവിലിയൻ. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ലഭ്യമായിരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല ഇൻഫർമേഷൻ ഓഫിസർ എൻ.ബി. ബിജു, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് എന്നിവരും പങ്കെടുത്തു.
ഭക്ഷ്യമേള മുതൽ ടൂറിസം എ.ഐ പ്രദർശന ക്ലാസുകൾ വരെ
വിപുലമായ കാര്‍ഷിക മേളയും കേരളത്തിന്റെ രുചി വൈവിധ്യങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തുന്ന ഭക്ഷ്യമേളയും ക്രമീകരിച്ചിട്ടുണ്ട്. ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ എന്റെ കേരളം ചിത്രീകരണം, വിനോദ സഞ്ചാര വകുപ്പിന്റെ ടൂറിസം നേര്‍ക്കാഴ്ചകള്‍, കിഫ്ബിയുടെ വികസന പ്രദര്‍ശനം, ടെക്നോ ഡെമോ ഏരിയ, ലൈവ് ആക്ടിവിറ്റി ഏരിയകള്‍, വിപുലമായ പുസ്തകമേള, എ.ഐ പ്രദര്‍ശനവും ക്ലാസ്, വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി ഹെല്പ് ലൈന്‍ സെന്ററും കൈത്തറി-കരകൗശലം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രദര്‍ശനവും മേളയില്‍ ഉള്‍പ്പെടും.
നേട്ടങ്ങളുടെ നേർചിത്രമാകാൻ…
എന്റെ കേരളം പ്രദര്‍ശന മേളയില്‍ തീം പവലിയനില്‍ നവകേരളത്തിലെ മാറുന്ന കാര്‍ഷിക കാഴ്ചകളുടെ നേര്‍ചിത്രമാണ് ജനങ്ങള്‍ക്കായി കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവേദ്യമാകുന്ന തരത്തിലുള്ള സ്റ്റാളാണ് സജ്ജീകരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കര്‍ഷകര്‍ക്കും ജനത്തിനും അവബോധം സൃഷ്ടിക്കാനും ഡ്രോണ്‍ പ്രവര്‍ത്തനം അടുത്തറിയാനുമായി ലൈവ് പ്രദര്‍ശനവും ഒരുക്കും. പട്ടികജാതി പട്ടിക വര്‍ഗ വകുപ്പിന് കീഴില്‍ ആദിവാസി വനമേഖലകളില്‍ നിന്നുള്ള വിവിധതരം ഉത് പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കുന്നത്.
വിപണന മേള മുതൽ റോബോട്ടിക്സ് പരിശീലനം വരെ
വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നാല് സ്റ്റാളുകളുണ്ടാകും. ജില്ലയിലെ കൈറ്റിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്കൂള്‍ കുട്ടികള്‍ക്ക് റോബോട്ടിക്സ് അധിഷ്ഠിത പരിശീലനം, എ.ഐ അധിഷ്ഠിത പരിശീലനം, എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്കായി ഒരുക്കുന്ന സൗജന്യ പരിശീലന പരിപാടിയുടെ മാതൃക, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പോര്‍ട്ടലുകള്‍ ആയ സമഗ്ര, സമ്പൂര്‍ണ, സഹിതം എന്നിവയുടെ മാതൃക, സമഗ്രശിക്ഷാ കേരളയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ മാതൃക, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി എന്നിവരുടെ പ്രോജക്ടുകള്‍ എന്നിവയുടെ പ്രദര്‍ശനം നടക്കും.
കുടുംബശ്രീയുടെ കീഴില്‍ വിവിധ തരം വിപണന ഉല്പന്നങ്ങളാണ് മേളയില്‍ ഒരുങ്ങുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ കളിയും കാര്യങ്ങളും കൂട്ടിചേര്‍ത്ത് വിവിധതരം പരിപാടികളുമുണ്ട്. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ മികച്ച ഇനം പശുക്കളുടെ പ്രദര്‍ശനവും മുട്ടക്കോഴി കൃഷിയ്ക്കായി എങ്ങനെ മട്ടുപ്പാവില്‍ കുടൊരുക്കണമെന്നതിലെ ബോധവത്കരണവുമൊക്കെയുണ്ടാകും.
ലഹരിക്കെതിരെ പോർമുഖം
ലഹരിവിരുദ്ധ സന്ദേശം മുന്‍നിര്‍ത്തി ജീവിതമാണ് ലഹരി എന്ന ആശയത്തില്‍ വിവിധതരം ഗെയിമുകള്‍, ഫ്ലാഷ് മോബ്, ഓട്ടന്തുള്ളല്, ക്വിസ് കോമ്പറ്റീഷന് എന്നിങ്ങനെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചാണ് എക്സൈസ് വകുപ്പിന്റെ സ്റ്റാളുകൾ. എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഐ.ടി മിഷന്റെ നേതൃത്വത്തിൽ മൂന്ന് സ്റ്റാളുകളാണുള്ളത്. സ്റ്റാളുകളിലൂടെ അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കും. കൂടാതെ എ.ഐ സങ്കേതിക വിദ്യ, വിർച്വൽ റിയാലിറ്റി എന്നിവയെ കൂടുതൽ അറിയാനുള്ള അവസരവും മേളയിലൂടെ ഒരുക്കും.
സെമിനാറുകളും കലാപരിപാടികളും
ഉദ്ഘാടന ദിവസമായ ശനിയാഴ്ച വൈകീട്ട് ഏഴിന് റേഡിയോ ലഗ്സ് ബാന്റിന്റെ സംഗീത നിശ അരങ്ങേറും. മേയ് 18 ഞായറാഴ്ച രാവിലെ 11 മുതൽ രണ്ട് വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഡിബേറ്റ് ആൻഡ് ഷോര്‍ട്ട് ഫിലിം എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിക്കും. വൈകീട്ട് ഏഴിന് ചലച്ചിത്ര പിന്നണി ഗായകന് അന്‍വര്‍ സാദത്തും സംഘവും അവതരിപ്പിക്കുന്ന സൂപ്പര്‍ ഹിറ്റ് ഗാനമേള നടക്കും.
തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ കുടുംബശ്രീ മിഷൻ, ഹരിത മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സെമിനാർ നടക്കും. ഉച്ചക്ക് 12 മുതൽ 1.30 വരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഓട്ടന്തുള്ളലും, ഫ്ളാഷ് മോബും. തുടർന്ന് 1.30 മുതൽ 4 വരെ വ്യവസായ വകുപ്പിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സെമിനാറും വൈകീട്ട് ഏഴിന് കനല് ബാന്റിന്റെ നാടന്‍ പാട്ടും അരങ്ങേറും. ചൊവ്വാഴ്ച രാവിലെ 10 മുതൽ ഒന്ന് വരെ പിന്നാക്ക ക്ഷേമ വികസന വകുപ്പിന്റെ നേതൃത്വത്തിൽ കരിയർ ഓറിയന്റേഷൻ പരിപാടി നടക്കും.
ഉച്ചക്ക് ഒന്ന് മുതൽ മൂന്ന് വരെ തദ്ദേശ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഗിറ്റാർ, ഫ്യൂഷൻ മ്യൂസിക് പരിപാടിയും വൈകിട്ട് ഏഴിന് ഗ്രൂവ് ബ്രാൻഡ് സംഗീത നിശയും നടക്കും. ബുധനാഴ്ച രാവിലെ 10 മുതൽ 11.30 വരെ ആരോഗ്യവകുപ്പിന്റെ മാതൃ ശിശു ആരോഗ്യം എന്ന വിഷയത്തിൽ സെമിനാറും ഫ്ലാഷ് മോബും സ്കിറ്റും സംഘടിപ്പിക്കും.
11.30 മുതൽ 12.30 വരെ ഐ.എസ്.എം സംഘടിപ്പിക്കുന്ന സമഗ്ര ആരോഗ്യം ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തിൽ സെമിനാറും 12.30 മുതൽ 1.30 വരെ ജന്തുജന്യ രോഗങ്ങൾ സംബന്ധിച്ച സെമിനാറും രണ്ട് മുതൽ 3.30 വരെ ഡ്രഗ്സ് കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ആന്റി ബയോട്ടിക് പ്രതിരോധം കേരള മാതൃക എന്ന വിഷയത്തിൽ പാനല്‍ ഡിസ്കഷന്, വൈകീട്ട് ഏഴിന് നൊസ്റ്റാള്‍ജിയ വിത്ത് ദലീമ ബാന്റ് സംഗീത നിശയും നടക്കും.
22ന് രാവിലെ 10 മുതൽ 12 വരെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടിയും 12 മുതൽ 1.30 വരെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പുഷ്പ ഫല കൃഷിയിലെ നൂതന പ്രവണതകൾ സംബന്ധിച്ച സെമിനാറും രണ്ട് മുതൽ 2.30 വരെ ഉപഭോക്തൃ കമീഷൻ സംഘടിപ്പിക്കുന്ന ഉപഭോക്തൃ ബോധവൽക്കരണ സെമിനാറും വൈകീട്ട് ഏഴിന് മാര്‍സി ബാന്റിന്റെ സംഗീത നിശയും അരങ്ങേറും.
സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ ധനകാര്യ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരത എന്ന വിഷയത്തിൽ സെമിനാറും ഒന്ന് മുതൽ മൂന്ന് വരെ മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ എന്ന വിഷയത്തിൽ സെമിനാറും നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകീട്ട് ഏഴിന് സൂരജ് സന്തോഷിന്റെ ലൈവ് മ്യൂസിക് ഷോയും അരങ്ങേറും.
വിസ്മയിപ്പിക്കാൻ അഗ്നിരക്ഷാസേന
കൊച്ചി: എന്റെ കേരളം 2025 പ്രദർശന വിപണന മേളയിൽ ആകർഷകമായ സ്റ്റാളുകൾ ഒരുക്കി ജില്ലയിലെ അഗ്നിരക്ഷാസേന. സ്റ്റാൾ നമ്പർ എട്ട് മുതൽ 12 വരെ ഫയർ ആൻഡ് റെസ്ക്യൂ, ഫസ്റ്റ് എയ്ഡ്, സിവിൽ ഡിഫൻസ്, ഹാം റേഡിയോ, സ്ക്യൂബ എന്നിവക്ക് പ്രാമുഖ്യം നൽകി അഞ്ച് സ്റ്റാളുകളാണുള്ളത്.
കുട്ടികൾക്കായി ഒരു അഡ്വഞ്ചർ പാർക്കും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. വയനാട് ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മുൻനിരയിൽ ഉണ്ടായിരുന്ന അഗ്നിശമന സേനാംഗങ്ങൾ ഉപയോഗിച്ച ഉപകരണങ്ങളും അവലംബിച്ച രീതികളും ഫയർ ആൻഡ് റെസ്ക്യൂ സ്റ്റാളിൽ പരിചയപ്പെടുത്തുന്നു. സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്ന 2023ലെ ബ്രഹ്മപുരം തീപിടുത്തത്തെ കുറിച്ചും പ്രദർശനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, വിവിധ തരം പ്രഥമ ശുശ്രൂഷകളുടെ ഡെമോ, ഹാം റേഡിയോയുടെ പ്രവർത്തനം എന്നിവയും സ്റ്റാളുകളിൽ കാണാം.
സേനക്ക് ലഭിച്ച അത്യാധുനിക റോബോട്ടിക് ഫയർ ഫൈറ്റർ, സ്ക്യൂബ ടീം ഉപയോഗിക്കുന്ന അണ്ടർവാട്ടർ ഡ്രോൺ എന്നിവയുടെ ഡെമോയാണ് മറ്റൊരു ആകർഷണം. ഇന്ത്യയിലെ ആദ്യ വനിതാ സ്ക്യൂബാ ഡൈവിങ് ആൻഡ് റെസ്ക്യൂ ടീം ആയ ഗ്യാനെറ്റ്സിലെ അംഗങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. അപകടകങ്ങൾ, പ്രാകൃതിക്ഷോഭങ്ങൾ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ബർമ ബ്രിഡ്ജും ഒരുക്കിയിരിക്കുന്നത് സന്ദശകർക്ക് ഏറെ പുതുമ നൽകും.
ഫയർ ആൻഡ് റെസ്ക്യൂ സർവിസസിന് കീഴിൽ പ്രവർത്തിക്കുന്ന സർക്കാറിന്റെ സന്നദ്ധ സേനയായ സിവിൽ ഡിഫൻസിന്റെ സ്റ്റാളിൽ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സമൂഹത്തിലെ നാനാത്തുറകളിൽ ഉളളവർ ഒരുമിച്ച് ഒരേമനസ്സോടെ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ അംഗമാകാം. പ്രദർശനം 23ന് സമാപിക്കും.
+ There are no comments
Add yours