
പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് റോഡിന് സമീപം തമ്പടിച്ച നായ്ക്കള്‍
പെരുമ്പാവൂര്‍: നഗരസഭ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളിലും തെരുവു നായ്ക്കള്‍ പെരുകുന്നു. നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കാരണം. നഗരസഭക്ക് കീഴിലെ പല സ്ഥലങ്ങളിലും നായ് ശല്യം രൂക്ഷമാണ്. നഗരത്തിലെ പ്രധാന റോഡുകളില്‍ രാവിലെയും രാത്രിയും നായ്കൂട്ടങ്ങളാണ്. കടവരാന്തകളിലും ഒഴിഞ്ഞ പറമ്പുകളിലും ഇവയുടെ കൂട്ടങ്ങളുണ്ട്. പുലര്‍ച്ചെ മുതല്‍ പൊലീസ് സ്റ്റേഷന് റോഡിന് മുന്‍വശം തമ്പടിക്കുന്ന നായ്കൂട്ടം ആളുകളും വാഹനങ്ങളും സജീവമാകുന്നതോടെയാണ് മാറിപ്പോകുന്നത്. മിക്കപ്പോഴും പകല്‍ സമയങ്ങളില്‍ സ്റ്റേഷന് പരിസരം, കോടതി വളപ്പ്, ഗാന്ധി സ്ക്വയര്‍, യാത്രിനിവാസ് പരിസരം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇവ തമ്പടിക്കുന്നുണ്ട്.
വാഹനങ്ങള്‍ക്കും ആളുകള്‍ക്കും ഇടയിലൂടെ പോകുന്നത് നിത്യമാണ്. ഇട റോഡുകളിലൂടെ നായ്കൂട്ടങ്ങള്‍ പോകുന്നത് കാല്‍നടക്കാരെ ഭീതിയിലാക്കുന്നു. പ്രഭാത സവാരിക്കിറങ്ങുന്നവരും രാത്രി യാത്രക്കാരുമാണ് അധികവും ഇവയുടെ ഭീഷണി നേരിടുന്നത്. ഒക്കല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ് ഭീഷണിയുണ്ടെന്ന പരാതി വ്യാപകമാണ്. 11ാം വാര്‍ഡിലെ ഉന്റ്യാന് കവലയില്‍ രാത്രികാലങ്ങളില്‍ ഇവ ഭീതിപരത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ആള് സഞ്ചാരം കുറയുന്നതോടെ റോഡില്‍ തമ്പടിക്കുന്ന കൂട്ടം കുരച്ച് ബഹളം വെക്കുന്നതും പരസ്പരം കടികൂടുന്നതും പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു.
ആക്രമണം ഭയന്ന് രാത്രിയില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. കൂവപ്പടി, വെങ്ങോല, രായമംഗലം തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിലും ശല്യമുണ്ട്. രാത്രിയില്‍ വെളിച്ചമില്ലാത്ത സ്ഥലങ്ങളില്‍ ഇവയുടെ അഴിഞ്ഞാട്ടം രൂക്ഷമാണ്. പാര്‍പ്പിക്കാന്‍ സൗകര്യങ്ങളില്ലാത്തതുകൊണ്ടാണ് നായ്ക്കള്‍ ആളുകള്‍ക്ക് ഭീഷണിയാകും വിധം തെരുവുകള്‍ കീഴടക്കുന്നതെന്നാണ് ആക്ഷേപം.
വന്ധീകരണം നിലച്ചത് ഇവ പെരുകാന്‍ കാരണമായിട്ടുണ്ട്. നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലും നഗരസഭയിലും എ.ബി.സി കേന്ദ്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് വരും കാലങ്ങളില്‍ ഇവ പെരുകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ നായ്ക്കളുടെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
+ There are no comments
Add yours