
കനാലിലേക്ക് ഇടിഞ്ഞുവീണ ചമ്പക്കര കനാൽ റോഡിന്റെ ഒരുഭാഗം
മരട്: ചമ്പക്കര കനാൽ റോഡിന്റെ ഭാഗം കനാലിലേക്ക് ഇടിഞ്ഞുവീണു. വ്യാഴാഴ്ച പുലർച്ചെയാണ് കനാലിന്റെ തെക്ക് വശത്തെ പാർശ്വഭിത്തി തകർന്ന് കുറച്ചു ഭാഗം കനാലിലേക്ക് വീണത്. ഏഴുമണിയോടെ കൂടുതൽ ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാർ കനാലിലേക്ക് വീഴാതെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നീക്കി. ഇതേതുടർന്ന് ചമ്പക്കര കനാൽ റോഡ് നഗരസഭ താൽക്കാലികമായി അടച്ചു. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
വർഷങ്ങൾ പഴക്കമുള്ള കനാലിന്റെ പാർശ്വഭിത്തി ബലപ്പെടുത്താതിരുന്നതാണ് റോഡ് ഇടിയാൻ കാരണമായത്. കെ. ബാബു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 69 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ചമ്പക്കര കനാൽ റോഡിന്റെയും കൈവരിയുടെയും നടപ്പാതയുടെയും ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടുമ്പോഴാണ് റോഡ് ഇടിഞ്ഞത്. ചമ്പക്കര കനാൽ റോഡിൽ കൈവരിയില്ലാതിരുന്നതിനാൽ നിരവധി അപകടങ്ങളുണ്ടായതിനെ തുടർന്നാണ് സുരക്ഷ ഉറപ്പാക്കുന്നതിന് കൈവരിയുൾപ്പെടെ നിർമിച്ച് കഴിഞ്ഞ ഏപ്രിൽ ഒമ്പതിനാണ് ഉദ്ഘാടനം നടത്തിയത്. ഇൻലാന്റ് വാട്ടർവേയാണ് കനാലിന്റെ പാർശ്വഭിത്തി സംരക്ഷിക്കേണ്ടത്. അപകട സാധ്യതയുണ്ടെന്ന് കാണിച്ച് കൗൺസിലിൽ ഉൾപ്പെടെ പ്രമേയം അവതരിപ്പിക്കുകയും ഇത് പാസാകുകയും ചെയ്തിരുന്നു. എന്നാൽ ഇൻലാന്റ് വാട്ടർ വേ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തിരക്കിട്ട വർക്ക് ഉണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് ഡിവിഷൻ കൗൺസിലർ പറഞ്ഞു.
+ There are no comments
Add yours