
അനസിനെ ദുബൈയിലെ അർധ സർക്കാർ കമ്പനിയായ ഇംദാദിൽ ആദരിക്കുന്നു (ഫയൽ)
ആലുവ: കഠിനാധ്വാനത്തിലൂടെ, ഇല്ലായ്മകളുടെ ഭൂതകാലം മറികടന്ന് ജീവിത വിജയം നേടിയെടുത്തയാളായിരുന്നു കഴിഞ്ഞ ദിവസം ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ച അനസ് അബ്ദുൽ അസീസ്. ആലുവ തായിക്കാട്ടുകര ദാറുസ്സലാമിൽ താമസിക്കുന്ന ‘മാധ്യമം’ മുൻ ഏജന്റ് വലിയപറമ്പിൽ അബ്ദുൽ അസീസിന്റെ മകൻ അനസാണ് (43) ഞായറാഴ്ച രാവിലെ ഷാർജയിൽ നിര്യാതനായത്. ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
പഠനത്തോടൊപ്പം പേപ്പർ ബോയിയായും മറ്റും കുടുംബത്തിന് സഹായമാകാൻ പരിശ്രമിച്ച ബാല്യത്തിന് ശേഷം കൈത്തൊഴിലായി വെൽഡിങ് പഠിച്ചു. തുടർന്നാണ് ഗൾഫിലേക്ക് ചേേക്കറിയത്. ദുബൈയിലെ അർധ സർക്കാർ കമ്പനിയായ ഇംദാദിൽ ചായ ബോയിയായി ജോലിയിൽ പ്രവേശിച്ചു. ഒരിക്കൽ ജോലിക്കിടെയുണ്ടായ ഒരു സംഭവം അനസിന്റെ ജീവിതത്തിൽ വഴിത്തിരിവായി.
ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന് ചായ കൊടുത്ത് മടങ്ങുമ്പോൾ മുതിർന്ന ഒരു ഓഫിസറുടെ കമ്പ്യൂട്ടർ തകരാറിലായി അദ്ദേഹം ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപെട്ടു. പലരും ശ്രമിച്ചിട്ടും നന്നാക്കാൻ കഴിയാതെ വന്നപ്പോൾ, താൻ ശ്രമിച്ച് നോക്കാമെന്ന് അനസ് അവരോട് പറഞ്ഞു. അനസിന്റെ ജീവിതം മാറ്റി മറിക്കുന്നതിനുള്ള അവസരമായിരുന്നു അത്. മണിക്കൂറുകളുടെ പരിശ്രമം വിജയം കണ്ടതോടെ അനസ് ഏവരുടെയും പ്രിയപ്പെട്ടവനായി. പിന്നീട് കമ്പനിയുടെ എല്ലാമായി മാറി.
ജോലിയിലെ അനസിന്റെ മികവുകൾ മനസ്സിലാക്കിയ പല കമ്പനികളും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ, വറുതിയിൽ തണലായി നിന്ന കമ്പനിയെ കൈവിടാൻ അനസിന്റെ മനസ്സനുവദിച്ചില്ല. അനസിനെ കുറിച്ച് ദുബൈയിലെ കമ്പനി ഡോക്യുമെന്ററിയും ഇറക്കിയിരുന്നു. തളിക്കുളം ഇസ്ലാമിയ കോളജ് പൂർവവിദ്യാർഥികൂടിയായ അനസ് നല്ലൊരു ഫുട്ബാളറുമായിരുന്നു.
+ There are no comments
Add yours