
പ്രവാകർ മുഖിയ, അവിദീപ് ഥാപ്പ
കളമശ്ശേരി: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ലാപ്ടോപ്പും, മൊബൈല്‍ ഫോണും, ടാബും, പണവും കവർന്ന പ്രതികളെ കളമശ്ശേരി പൊലീസ് പിടികൂടി. ബംഗാൾ സ്വദേശികളായ പ്രവാകർ മുഖിയ (21), അവിദീപ് ഥാപ്പ ( 21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നോര്‍ത്ത് കളമശ്ശേരിയിൽ ഗണപതി അമ്പലത്തിന് എതിര്‍വശത്തുള്ള മെഹ്ഫിൽ ടവറിൽ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 75,000 രൂപ വില വരുന്ന ഒരു ലാപ്ടോപ്പും, മൊബൈല്‍ ഫോണും, ടാബും, 50,000 രൂപയും കവർന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19ന് പുലര്‍ച്ചെയായിരുന്നു മോഷണം. തുടർന്ന് കർണാടകയിലേക്ക് കടന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കളമശ്ശേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ.കെ. എൽദോയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ, സിനു എന്നിവർ ചേർന്ന് ബംഗളൂരു നഗരത്തിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
+ There are no comments
Add yours