
മൂവാറ്റുപുഴ: നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന ജനറൽ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു മലിനജലം റോഡിലൂടെ ഒഴുകുന്നത് ദുരിതമായി. ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെയാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഇത്തരത്തിൽ മലിനജലം പുറത്തേക്ക് ഒഴുകിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായി. ഒരു വർഷം മുമ്പും സമാന സംഭവം ഉണ്ടായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് അന്ന് മാലിന്യം ഒഴുകുന്നത് തടയാൻ നടപടി സ്വീകരിച്ചിരുന്നു. ദിവസേന ആയിരത്തിലധികം രോഗികളാണ് ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും ഇടുക്കി ജില്ലയിലെ വിവിധഭാഗങ്ങളിൽനിന്നും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തുന്നത്. ദുസ്സഹമായ ദുർഗന്ധവും മലിനജലത്തിലൂടെ ഉള്ള നടപ്പും വലിയ ദുരിതമാണ് ജനങ്ങൾക്ക് ഉണ്ടാക്കുന്നത്.
ആശുപത്രിയുടെ പ്രധാന കവാടത്തിനുസമീപത്തായി സ്ഥാപിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക് നിറഞ്ഞാണ് മലിനജലം പുറത്തേക്ക് ഒഴുകുന്നത്. ഒഴുകിയെത്തുന്ന മലിനജലം ആശുപത്രി കോമ്പൗണ്ട് വഴി എം.സി റോഡിലൂടെ ഒഴുകി പരക്കുകയാണ്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രോഗികളായി എത്തുന്നവരെയും സമീപവാസികളെയും വീണ്ടും രോഗികളാക്കി മാറ്റുന്ന മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വാഹനങ്ങൾ പോകുമ്പോഴും മറ്റും കാൽനടക്കാരുടെ ദേഹത്ത് മലിനജലം പതിക്കുന്നത് പതിവുകാഴ്ചയാണ്. സമീപത്തെ ഓട്ടോ സ്റ്റാൻഡുകളിലുള്ളവർ ദുർഗന്ധം സഹിച്ചാണ് ഇവിടെ കഴിയുന്നത്. സംഭവം വിവാദമായതോടെ നഗരസഭ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർച്ചയായി ശുചിമുറി മാലിന്യം റോഡിലൂടെ ഒഴുകുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് സമീപത്തെ വ്യാപാരികൾ അടക്കമുള്ളവർ ആവശ്യപ്പെട്ടു.
+ There are no comments
Add yours