
പെരുമ്പാവൂര്‍: വെങ്ങോലയില്‍ മഴവെള്ളത്തില്‍ നിറം മാറ്റം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. 23ാം വാര്‍ഡ് മെംബര്‍ ബേസില്‍ കുര്യാക്കോസ് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. പോഞ്ഞാശ്ശേരിയില്‍ ഭവനം ഫൗണ്ടേഷന് നിര്‍മിച്ച ഫ്ലാറ്റിനുസമീപം താമസിക്കുന്ന കലവറപറമ്പില്‍ ഹിലാരിയുടെ വീടിനുമുകളിലും മുറ്റത്തും വാഹനങ്ങളുടെ മുകളിലും വൃക്ഷങ്ങളുടെ ഇലകളിലും കഴിഞ്ഞ ശനിയാഴ്ചയുണ്ടായ മഴയില്‍ മഞ്ഞനിറത്തിലുള്ള വസ്തു അടിഞ്ഞ് പൊട്ടുപോലെ കാണപ്പെടുകയായിരുന്നു.
കെമിസ്ട്രി അധ്യാപകന് കൂടിയായ വീട്ടുടമയുടെ സാന്നിധ്യത്തില്‍ മെംബര്‍ പൊടി ശേഖരിച്ച് അതിലെ പി.എച്ച് മൂല്യം പരിശോധിച്ചപ്പോള്‍ ആസിഡിന്റെ സാന്നിധ്യം കൂടുതലുള്ളതായി കണ്ടെത്തി. പൊടി വെള്ളത്തില്‍ കലര്‍ന്നപ്പോള്‍ ചെറിയ പുകച്ചിലും ഗന്ധവും അനുഭവപ്പെടുകയും ഇക്കാര്യം പഞ്ചായത്തിന്റെ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടറെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി പരിശോധിക്കുകയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പെരുമ്പാവൂര്‍ ഡിവിഷന് എന്വയൺമെന്റല് എൻജിനീയറെ വിളിച്ച് പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
പ്രദേശത്ത് ടാര്‍ മിക്സിങ് യൂനിറ്റുകളും കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. മഴ പെയ്ത് തോരുമ്പോള്‍ ഇത്തരത്തില്‍ മഞ്ഞ പദാര്‍ഥം വൃക്ഷത്തലപ്പുകളിലും മുറ്റത്തും വാഹനങ്ങള്‍ക്ക് മുകളിലും റോഡിലും അടിഞ്ഞുകൂടുന്നതായും ഇത് പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും കാണിച്ച് വാര്‍ഡ് മെംബര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനിടെ, ബുധനാഴ്ച വൈകീട്ട് പോഞ്ഞാശ്ശേരി ചുണ്ടമലയില്‍ പെയ്ത മഴയില്‍ വെള്ളത്തിന് മഞ്ഞ നിറം കണ്ടെത്തി. പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ വ്യാഴാഴ്ച പരിശോധന നടത്തും.
+ There are no comments
Add yours