
മുടിക്കല്‍ ഡിപ്പോ കടവില്‍ തിരച്ചില്‍ നടത്തുന്ന സ്കൂബ ടീം
പെരുമ്പാവൂര്‍: മുടിക്കൽ ഡിപ്പോ കടവിന്റെ മനോഹാരിതയും അപകടമുന്നറിയിപ്പ് ഇല്ലാത്തതും പെരിയാറില്‍ 19കാരിയുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് നാട്ടുകാര്‍. മൗലൂദുപുര പുളിക്കകുടി വീട്ടില്‍ ഷാജഹാന്റെ മക്കളായ ഫാത്തിമ ഷെറിനും സഹോദരി ഫര്‍ഹത്തും അപകടത്തില്‍പ്പെട്ടത് മുടിക്കല്‍ തടി ഡിപ്പോക്ക് സമീപത്തെ ഈ കടവിലാണ്. ശനിയാഴ്ച പ്രഭാത സവാരിക്കും വ്യായാമത്തിനുമായി എത്തിയപ്പോള്‍ കടവിലെ ആനപ്പാറയുടെ ചിത്രം പകര്‍ത്തുകയും സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
മുടിക്കൽ പമ്പ് ഹൗസ് കടവെന്ന് കൂടി അറിയപ്പെടുന്ന ഡിപ്പോ കടവിലേക്ക് തടി ഡിപ്പോ റോഡില്‍ നിന്ന് താഴേക്കുളള പടികളിലൂടെ വേണം ഇറങ്ങാന്‍. പാറകളുടെയും പച്ചപ്പിന്റെയും മുകളില്‍ നിന്നുളള കാഴ്ച മനോഹരമാണ്. ആനവലിപ്പത്തിലുള്ള കൂറ്റൻ പാറയിലേക്ക് എത്താന്‍ അടിച്ചട്ടി എന്ന പാറ താണ്ടണം.
റീല്‍സ് പകര്‍ത്താനും സെല്‍ഫി എടുക്കാനും ചൂണ്ടയിടുന്നതിനും പല ഭാഗത്തുനിന്നും ഇവിടേക്ക് യുവാക്കള്‍ എത്തുന്നുണ്ട്. എന്നാല്‍, അപകടരമായ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് നാട്ടുകാര്‍ കടവിലേക്ക് അധികം ഇറങ്ങാറില്ല. മുമ്പും ഇവിടെ അപകട മരണങ്ങള് ഉണ്ടായിട്ടുണ്ട്. പുറംനാടുകളില്‍നിന്ന് എത്തുന്നവര്‍ക്ക് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. കടവില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
ഫാത്തിമ ഷെറിനും ഫര്‍ഹത്തും ഇറങ്ങിയ സമയത്ത് പരിസരത്ത് ആളുകളുണ്ടായില്ല. ചൂണ്ടയിട്ട് മീന്‍ പിടിച്ചുകൊണ്ടിരുന്നയാളാണ് ഫര്‍ഹത്തിനെ രക്ഷപ്പെടുത്തിയത്. നാട്ടിലുണ്ടായിരുന്ന പിതാവ് ഷാജഹാന് കഴിഞ്ഞ ദിവസമാണ് ഖത്തറിലേക്ക് തിരിച്ചുപോയത്. മകളുടെ വേർപാട് അറിഞ്ഞ് രാത്രി എത്തി.
മൃതദേഹം കരക്കെടുത്തത് സ്കൂബ ടീം
ഫാത്തിമ ഷെറിന്റെ മൃതദേഹം കരക്കെടുത്തത് പെരുമ്പാവൂര്‍ ഫയർ സ്റ്റേഷന് ഓഫിസര്‍ ടി.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും കോതമംഗലത്തെ സ്കൂബ ടീമും.
അപകടം നടന്ന രാവിലെ 6.30നുതന്നെ അഗ്നിരക്ഷാ സേന കടവില്‍ എത്തി. ഇതിനു മുമ്പേ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ആഴങ്ങളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഫലം കാണാത്തതിനെ തുടര്‍ന്ന് സ്കൂബ ടീമിന്റെ സഹായം തേടുകയാണുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തില്‍ ബൈജു ചന്ദ്രന്, പ്രമോദ് കുമാര്‍, ശ്രീകുട്ടന്, മണികണ്ഠന്, ശ്രീജിത്ത്, ആദര്‍ശ്, എല്‍ദോ ഏലിയാസ് എന്നിവരും കോസ്കൂബ ടീമിലെ അനില്‍കുമാര്‍, പി.എം. റഷീദ്, സിദ്ദീഖ് ഇസ്മയില്‍, ബേസില്‍ ഷാജി തുടങ്ങിയവരും പങ്കെടുത്തു.
+ There are no comments
Add yours