കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലിൽ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുൾപ്പടെ മൂന്നുപേർ പിടിയിൽ. കോതമംഗലം പിണ്ടിവനയിൽ കരുമ്പത്ത് വീട്ടിൽ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ പള്ളിമുക്ക് വലിയകുളങ്ങര റിജു (41) കോട്ടയം കുറവിലങ്ങാട് സ്വദേശി കരിങ്കുളം വീട്ടിൽ ഡിനോ ബാബു(32) തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല (38) എന്നിവരെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് വിൽപനക്കായി ഹോട്ടലിൽ റൂമെടുത്ത് താമസിച്ച് വരവെയാണ് ഇവർ പൊലീസ് പിടിയിലാകുന്നത്. സ്ത്രീകളെ മുൻനിർത്തി മയക്ക് മരുന്ന് കടത്തികൊണ്ട് വരികയും കൂടിയ അളവിൽ എം.ഡി.എം.എ വാങ്ങി ആഢംബര ഹോട്ടലുകളിൽ താമസിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തുകയുമാണ് ഇവരുടെ പതിവ്. ഇവരിൽ നിന്ന് എം.ഡി.എം.എ തൂക്കം നോക്കാനുള്ള ഇലക്ട്രോണിക്ക് ത്രാസും പിടികൂടി.
ഒന്നാം പ്രതിയായ റിജുവിനെതിരെ സംസ്ഥാനത്തുടനീളം നിരവധി കേസുകളുണ്ടെന്നും മുമ്പും വലിയ അളവിൽ മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ കേസിൽ റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്കെതിരെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ മയക്ക്മരുന്ന് കേസ്, എറണാകുളം സെൻട്രൽ, മൂവാറ്റുപുഴ, കോതമംഗലം, കോഴഞ്ചേരി, കഞ്ഞിക്കുഴി, ചങ്ങനാശ്ശേരി തുടങ്ങി സ്റ്റേഷനുകളിൽ വഞ്ചനാകേസുകൾ എന്നിവയും നിലവിലുണ്ട്.
രണ്ടാം പ്രതിയായ ഡിനോ ബാബുവിനെതിരെ മരട് സ്റ്റേഷനിൽ മയക്കുമരുന്നു കേസും മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളിൽ വഞ്ചനാ കേസുകളും നിലവിലുണ്ട്. കൊച്ചി സിറ്റിയിൽ മയക്കുമരുന്നിനെതിരെ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
എറണാകുളം സൗത്ത് എസ്. ഐമാരായ സി.ശരത്ത് , സി.അനിൽകുമാർ, ബി.ദിനേഷ് , സി.പി.ഒ മാരായ ഡിനുകുമാർ, ജിബിൻലാൽ, അനസ്, വനിതാ പോലീസ് അൻസിയ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.