
അഡാപ്ടിവ് ന്യൂമാറ്റിക് ബെഡുമായി ആദിശങ്കര എൻജിനീയറിങ് വിദ്യാർഥികള്‍
കാലടി: ആദിശങ്കര എൻജിനീയറിങ് കോളജ് വിദ്യാർഥികള്‍ ദീര്‍ഘകാല കിടപ്പുരോഗികളില്‍ സാധാരണ കാണപ്പെടുന്ന വ്രണവും അണുബാധകളും തടയുന്നതിനുള്ള അഡാപ്റ്റീവ് ന്യൂമാറ്റിക് ബെഡ് രൂപകല്പന ചെയ്തു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ മെല്വിന് മാത്യു ജേക്കബ്, ആഷിഫ് അഷ്റഫ്, റിറ്റ കാനീസ് റോഡ്രിഗസ്, എസ്. അഭികൃഷ്ണ, എറിക് കെ. വില്‍സണ്‍, വി. മഹാദേവ മാരാര്‍, ബയോമെഡിക്കല്‍ വകുപ്പ് മേധാവി ഡോ. രമ്യ ജോര്‍ജ്, പ്രഫ. ഒ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ നൂതന സംവിധാനം രൂപകല്‍പ്പന ചെയ്തത്.
കിടപ്പ് രോഗികളില്‍ ശരീരഭാരം വഹിക്കുന്ന അസ്ഥികള്‍ ചര്‍മ്മത്തില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദം മൂലം ബെഡ് സോറുകള്‍ എന്നറിയപ്പെടുന്ന വ്രണങ്ങള്‍ രൂപപ്പെടാറുണ്ട്. കൂടെ രക്തചക്രമണത്തിലെ അപര്യാപ്തതയും അണുബാധയും രോഗികളെ ഗുരുതരാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ഈ സാഹചര്യമാണ് അഡാപ്റ്റീവ് ന്യൂമാറ്റിക് ബെഡ് രോഗികള്‍ക്ക് കിടപ്പ് സുഖവും പരിചരണവും വര്‍ദ്ധിപ്പിക്കുന്നതിന് സ്മാര്‍ട്ട് സെന്‍സറിങ്ങും ന്യൂമാറ്റിക് നിയന്ത്രണവും സമന്വയിപ്പിച്ച് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അറുപതോളം എയര്‍ബാഗുകളും, സെന്‍സറുകളും, വാല്‍വുകളും അവയെ പ്രത്യേകം നിയന്ത്രിക്കാനുള്ള സംവിധാനവും ആണ് ബെഡില്‍ ഒരുക്കിയിരിക്കുന്നത്. ദീര്‍ഘനേരം അമിത മര്‍ദ്ദം അനുഭവപ്പെടുന്ന ശരീരഭാഗങ്ങളിലെ എയര്‍ ബാഗുകളുടെ സങ്കോച വികാസങ്ങളെ നിയന്ത്രിച്ചാണ് വ്രണങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത ഇല്ലാതാക്കുന്നത്.
+ There are no comments
Add yours