ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വൈപ്പിനിൽ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്.
അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു ടീം ഉണ്ടാക്കിയാൽ ഒരാൾക്ക് 50000 രൂപ വരെ വായ്പ നൽകാമെന്നാണ് വാഗ്ദാനം. ഈട് വേണ്ടെന്നും പകരം പരസ്പര ജാമ്യം മതിയെന്നും പണം ഗഡുക്കളായി പലിശ സഹിതം തിരിച്ചടച്ചാൽ മതിയാകുമെന്നും അറിയിക്കും. ഒരാൾ വീഴ്ചവരുത്തിയാൽ മറ്റുളളവരുടെ പക്കൽ നിന്നും മുതലും പലിശയും ഇടാക്കും.
ഇതെല്ലാം ഉൾപ്പെടെ സമ്മതപത്രങ്ങളിൽ ഒപ്പുവെച്ച ശേഷം വായ്പ കിട്ടണമെങ്കിൽ കുറച്ച്പണം മുൻകൂർ കെട്ടണമെന്ന് ആവശ്യപ്പെടും. ഇത് 500 മുതൽ 2000 രൂപ വരെ ആകാം.വീട്ടമ്മമാർ പണമടച്ച് ലോണിനായി കാത്തിരുന്ന് പലകുറി ആവശ്യപ്പെട്ടാലും ഓരോതടസ്സങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോകും. ഇങ്ങനെ തട്ടിപ്പ് നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം കുറെ വീട്ടമ്മമാർ ചേർന്ന് തെക്കൻ മാലിപ്പുറത്ത് നിന്ന് പിടികൂടി ഞാറക്കൽ പൊലീസിൽ ഏൽപ്പിച്ചിരുന്നു.
ഇതുകൂടാതെ പള്ളിപുറത്ത് 2000 രൂപ വീതം വീട്ടമ്മമാരിൽ നിന്ന് വാങ്ങിയ ശേഷം വായ്പതരാതെ വഞ്ചിച്ച രണ്ടംഗസംഘത്തിനെതിരെ മുനമ്പം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.