കൊച്ചി: പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സി.പി.ഐ മുൻ എറണാകുളം ജില്ല സെക്രട്ടറി പി. രാജു 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്റെ പരാതി. സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിനുകീഴിലെ ഹോർട്ടികോർപ്പിന് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി എത്തിച്ച് നൽകി ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.
സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയായിരിക്കെ രാജുവും ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍, സി.വി. സായ് എന്നിവർ ചേർന്ന് പറ്റിച്ചെന്നാണ് അഹമ്മദ് റസീൻ പറയുന്നത്. രണ്ടുവര്‍ഷം മുമ്പ് ഡ്രൈവർ ധനീഷ് പറഞ്ഞതുപ്രകാരമാണ് പാർട്ടി ഓഫിസിലെത്തി പി.രാജുവിനെ കണ്ടത്. ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി വിറ്റാല്‍ വൻ ലാഭമുണ്ടാകുമെന്നും ഭരണസ്വാധീനമുള്ളതിനാല് പണം കിട്ടാൻ കാലതാമസമുണ്ടാവില്ലെന്നും രാജു ധരിപ്പിച്ചു.
തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും പച്ചക്കറി വാങ്ങി ഹോര്‍ട്ടികോര്‍പ്പിന് വില്‍ക്കുന്ന ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലതവണയായി 62 ലക്ഷം രൂപ രാജുവിന്റെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ധനീഷിനും സുഹൃത്ത് വിതുലിനും കൈമാറി. ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍, സി.വി. സായ് എന്നിവരുമായി ചേർന്ന് ഹോർട്ടികോർപ്പിന് പച്ചക്കറി സപ്ലൈ ചെയ്യുന്ന കമ്പനി രൂപവത്കരിച്ചായിരുന്നു കച്ചവടം. ബാങ്ക് വഴിയാണ് പണം നല്‍കിയത്. ഇതില്‍ 17 ലക്ഷം രൂപ തിരിച്ചുകിട്ടി. ബാക്കി 45 ലക്ഷം രൂപ കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് ഇവര്‍ക്ക് പണം കിട്ടിയതായി അറിഞ്ഞു. താൻ കൊടുത്ത പണത്തില്‍നിന്ന് 15 ലക്ഷം രൂപ ചെലവിട്ടാണ് പി.രാജു ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങിയതെന്നും അഹമ്മദ് റസീന്റെ പരാതിയിൽ പറയുന്നു.
കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും അഹമ്മദ് റസീൻ പറഞ്ഞു. എന്നാല്‍, അഹമ്മദ് റസീനുമായി ബിസിനസ് പങ്കാളിത്തം പോയിട്ട് പരിചയം പോലുമില്ലെന്നാണ് പി. രാജുവിന്റെ പ്രതികരണം. പണം കിട്ടാനുണ്ടെന്നുപറഞ്ഞ് വന്നപ്പോള്‍ പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും കാര്‍ വാങ്ങിയത് തന്റെ പണം ഉപയോഗിച്ചാണെന്നും പി. രാജു വിശദീകരിച്ചു. ജില്ല സെക്രട്ടറിയായിരിക്കെ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പാർട്ടി കമീഷൻ കണ്ടെത്തിയതിനെത്തുടർന്ന് മുൻ എം.എൽ.എകൂടിയായ പി. രാജുവിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പുതിയ പരാതി.
സി.പി.ഐ നേതാവ് പി. രാജുവിനെതിരെ സാമ്പത്തിക ആരോപണം ഉയർത്തിയ വ്യക്തിക്ക് ഗൂഢലക്ഷ്യമാണെന്ന് രാജുവിന്റെ ഡ്രൈവർ. 2021ൽ താനടക്കം നാലുപേർ ചേർന്ന് ഹോർട്ടികോർപ്പിന് പച്ചക്കറി നൽകുന്ന ബിസിനസിനായി കമ്പനി രൂപവത്കരിച്ചിരുന്നതായി ഡ്രൈവർ ധനീഷ് മുരളീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആരോപണമുന്നയിച്ച അഹമ്മദ് റസീനും ഈ കമ്പനിയുടെ ഡയറക്ടറാണ്. താൻ അതിലുണ്ടായി എന്നതാണ് പി.രാജുവിനെതിരെ ആരോപണമുന്നയിക്കാൻ കാരണം. സർക്കാറിൽനിന്നും പണം ലഭിക്കാൻ വൈകിയത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതോടെ തങ്ങളുടെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. കമ്പനിയുടെ ഒരു പ്രവർത്തനത്തിലും പി.രാജു ഇടപെട്ടിട്ടില്ല.. കമ്പനി ഡയറക്ടറായ വിതുൽ ശങ്കറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.