പി.ബി. സലിമിന് ഇത് അഭിമാന നിമിഷം; പശ്ചിമ ബംഗാൾ പവർ കോർപറേഷൻ വീണ്ടും ഒന്നാമത്​

പി.ബി. സലിം 

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിയായ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ പി.ബി. സലിമിന് ഇത് അഭിമാന നിമിഷം. തന്‍റെ ചുമതലയിലുള്ള പശ്ചിമ ബംഗാൾ പവർ കോർപറേഷനെ (ഡബ്ല്യു.ബി.പി.ഡി.സി.എൽ) പ്രവർത്തന മികവിൽ ഒന്നാമത് എത്തിച്ചാണ് ഇദ്ദേഹം വീണ്ടും ശ്രദ്ധനേടുന്നത്.

രാജ്യത്തെ മുഴുവൻ തെർമൽ പവർ പ്ലാന്‍റുകളിലും സെൻട്രൽ ഇലക്ട്രിക് അതോറിറ്റി നടത്തിയ റാങ്കിങ്ങിൽ പശ്ചിമബംഗാൾ പവർ കോർപറേഷനാണ് ഒന്നാമതെത്തിയത്. പേഴയ് ക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.ബി. സലിമാണ് കോർപറേഷന്റെ തലവൻ. മികച്ച നേട്ടത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സലിമിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു.

2019ൽ സലിം കോർപറേഷൻ സി.എം.ഡി ആയി ചുമതലയേൽക്കുമ്പോൾ നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഒറ്റവർഷംകൊണ്ട് 102 കോടിയുടെ ലാഭമുണ്ടാക്കി തന്റെ മികവ് തെളിയിച്ചിരുന്നു. 2022-23ൽ സ്ഥാപനത്തെ രാജ്യത്തുതന്നെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിച്ചിരു ന്നു. തുടർച്ചയായ രണ്ടാം തവണയാണ് സ്ഥാപനം ഒന്നാമതെത്തുന്നത്.

ഇന്ത്യയിൽ ആകെ 201 തെർമൽ പവർ പ്ലാന്റുകളെയാണ് റാങ്കിങ്ങിൽ ഉൾപ്പെടുത്തിയിരുന്നത്. കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള എൻ.ടി.പി.സി, ഡി.വി.സി, സംസ്ഥാന തെർമൽ പവർ കമ്പനികൾ, സ്വകാര്യ മേഖലയിൽ റിലയൻസ്, അദാനി പവർ, ടാറ്റ പവർ ഇവയെല്ലാം ഇതിൽ ഉൾപ്പെടും.

കമ്പനിയിലെ 30,000 വരുന്ന ജീവനക്കാരെ വിശ്വാസത്തിലെടുത്ത് അവരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഭാവനാപൂർണമായ പദ്ധതികൾ നടപ്പാക്കിയാണ് നേട്ടം കൈവരിക്കാനായതെന്ന് പി.ബി. സലിം പറഞ്ഞു. കഴിഞ്ഞ വർഷം 800 കോടിയിലധികം രൂപ ലാഭമുണ്ടാക്കി. ഈ വർഷം കമ്പനി ലക്ഷ്യമിടുന്നത് ആയിരം കോടിക്ക് മുകളിലാണ്. ഏഴുവർഷമായി കമ്പനിയുടെ എം.ഡിയാണ് സലിം.

You May Also Like

More From Author

+ There are no comments

Add yours