
കനത്ത മഴയിൽ അരമനപ്പടിയിലുണ്ടായ വെള്ളക്കെട്ട്
മൂവാറ്റുപുഴ: നഗരറോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴം പാലത്തിന് സമീപം കെ.എസ്.ഇ.ബി കുഴിച്ച കുഴി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പാലത്തിനോട് ചേർന്നാണ് റോഡിൽ കുഴിയെടുത്തിരിക്കുന്നത്. കുഴി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തുവന്നിട്ടും നടപടിയുണ്ടായില്ല. ട്രാഫിക് പൊലീസും ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും കുഴി പൂർണമായി അടക്കാൻ തയാറായിട്ടില്ല.
റോഡ് നവീകരണത്തിന്റെ ഭാഗമായി കച്ചേരിത്താഴം പാലത്തിന് സമീപം കൂറ്റൻ ട്രാൻസ്ഫോർമറും ആർ.എം.യു യൂനിറ്റും സ്ഥാപിക്കുകയും ചെയ്തിരുന്നു. ഭൂമിക്കടിയിലൂടെ കെ.എസ്.ഇ.ബി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിന്റെ ജോലികളും ഇവിടെ കേന്ദ്രീകരിച്ചാണ് നടന്നത്. ഇതിന്റെ ഭാഗമായാണ് റോഡിന്റെ ടാറിങ് ഉൾപ്പെടെ പൊളിച്ച് കുഴിയെടുത്തത്. എന്നാൽ, കുഴി മൂടിയിരിക്കുന്നത് അശാസ്ത്രീയമായാണ്.
കുഴി പൂർണമായും മൂടാത്തതും ടാർ ചെയ്യാത്തതും നഗരത്തിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾ വർധിക്കാനും കാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളുണ്ടായിരുന്നു. ഇക്കാര്യങ്ങൾ പൊലീസ് കെ.ആർ.എഫ്.ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി കുഴി ശാസ്ത്രീയമായി മൂടി ടാർ ചെയ്യണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം വലിയ അപകടങ്ങൾക്കും മറ്റും കാരണമായേക്കും.
നഗരവികസനം വേഗത്തിലാണ് നടക്കുന്നത്. നിലവിൽ കച്ചേരിത്താഴത്ത് കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിക്കുന്നത് പൂർത്തിയായിവരുന്നു. കൾവെർട്ടറുകളുടെ ജോലിയും പുരോഗമിക്കുകയാണ്. അരമനപ്പടി, വള്ളക്കാലിൽ ജങ്ഷൻ, കച്ചേരിത്താഴം എന്നിവിടങ്ങളിലാണ് കൾവെർട്ടുകൾ നിർമിക്കുന്നത്. കൾവെർട്ടുകളുടെ പണി നടക്കുന്നതും ടി.ബി റോഡ് അടച്ചതുംമൂലം വൻ ഗതാഗതക്കുരുക്കാണ് നഗരത്തിലുണ്ടാവുന്നത്.
+ There are no comments
Add yours