
സോനു
തൃപ്പൂണിത്തുറ: മിനിബൈപ്പാസിൽ പഴയ ടോൾ ബൂത്തിനടുത്ത് ഫ്രൂട്ട്സ് കട നടത്തി വന്ന ഇടുക്കി വട്ടവട സ്വദേശിയെ ഗുണ്ടാപിരിവ് നൽകാത്തതിൽ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. ഒളിവിൽ കഴിഞ്ഞ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആലപ്പുഴ ചേർത്തല മുഹമ്മ പാരച്ചിറ പി.ബി. സോനുവിനെയാണ് (35) ഹിൽപാലസ് പൊലീസ് വണ്ടിപെരിയാറിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 16 ന് രാത്രി 10.30യോടെയാണ് ആയുധവുമായി വാഹനത്തിൽ സ്ഥലത്തെത്തിയ പ്രതികൾ കട നടത്തുന്ന ഇടുക്കി സ്വദേശിയെയും,സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും കത്തിയുപയോഗിച്ച് ഒന്നാം പ്രതി സോനു കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടാം പ്രതി തൃപ്പൂണിത്തുറ മിനി ബൈപ്പാസ് വലിയ തറയിൽ വീട്ടിൽ വി.വി. മഹേഷിനെ (44) പൊലീസ് പിറ്റേ ദിവസം തന്നെ പിടികുടിയിരുന്നു. ഒന്നാം പ്രതി ഒളിവിൽ പോയി ഹൈകോടതി മുമ്പാകെ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതി
ജാമ്യം തള്ളുകയും ഇടുക്കി വണ്ടിപ്പെരിയാറിൽ കഴിഞ്ഞ ആറ്മാസക്കാലമായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതിയുടെ സുഹൃത്തുക്കളെ പൊലീസ് നിരീക്ഷിക്കുകയും ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. യേശുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.കെ. ബാലചന്ദ്രൻ, പൊലീസുദ്യോഗസ്ഥരായ ബൈജു, പോൾ മൈക്കിൾ, സിജിത്ത്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി സോനു പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പിടിച്ചുപറി, തട്ടികൊണ്ടുപോകൽ എന്നിവക്കും ആലപ്പുഴ പൂച്ചാക്കൽ സ്റ്റേഷനിൽ അടിപിടി കേസുകളിലെയും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
+ There are no comments
Add yours