കൂത്താട്ടുകുളം: കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വള വിൽപന സജീവം . ഇത് ദുർഗന്ധത്തിനും പരിസരമലിനീകരണത്തിനുമിടയാക്കുന്നതായി പരാതിയുണ്ട്. സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിലാണ് ഏജൻസികൾ വ്യാജ ജൈവ വളം എത്തിക്കുന്നത്.
സർക്കാർ ഫാമിലെ വളമാണെന്നതിന് ലേബലോ ഏജൻസിക്കാരുടെ കൈവശം ആധികാരികമായ രേഖകളോ ഇല്ല. കൂത്താട്ടുകുളം നഗരസഭയിലെ ജനസാന്ദ്രതയേറിയ സൗത്ത് റെസിഡൻറ്സ് പ്രദേശത്ത് പതിവായി ജൈവവളമെന്ന പേരിൽ ചാക്കിൽ നിറച്ച മാലിന്യം വാഹനങ്ങളിലെത്തിച്ച് അട്ടിയിട്ട് വെക്കുകയാണ്. മഴക്കാലമായതോടെ ചാക്കിൽ നിന്ന് ദുർഗന്ധം വമിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.വെള്ളിയാഴ്ച രാവിലെ ആട്ടിൻകാഷ്ഠ വളമെന്ന പേരിൽ മാലിന്യം നിറച്ച ഇരുന്നൂറിലധികം ചാക്കുകൾ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ നഗരസഭ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ദുർഗന്ധം വമിക്കുന്ന ചാക്കുകൾ മാറ്റാൻ അധികൃതർ നിർദേശിച്ചു. മാലിന്യം കൃഷിയാവശ്യത്തിനാണെന്നും രേഖകളും ബില്ലും വേണ്ടെന്നുമാണ് ഏജൻസിക്കാരുടെ വാദം.
മഴക്കാലമായതോടെ കിഴക്കൻ മേഖലയിലെ കർഷകരെ വിലകുറഞ്ഞ വളം, സർക്കാർ ഫാമിലെ വളം എന്നൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഏജൻസികൾ അനധികൃത കച്ചവടത്തിലൂടെ ലക്ഷങ്ങൾ തട്ടുന്നത്.പുനലൂരിലെ ഫാമിൽ നിന്ന് നൽകുന്ന സാധനങ്ങൾക്ക് കൃത്യമായ ബില്ലും രേഖകളും നൽകാറുണ്ടെന്ന് അധികൃതർ പറഞ്ഞു. കിലോക്ക് മൂന്ന് രൂപ പ്രകാരമാണ് ആട്ടിൻകാഷ്ഠം നൽകുന്നത്. ഒരു കിലോ രണ്ട് കിലോ പായ്ക്കറ്റുകളിലാക്കിയും നൽകുന്നുണ്ട്. ജലാംശമുള്ള ആട്ടിൻകാഷ്ഠം നൽകുമ്പോൾ പ്രത്യേക നിർദേശം നൽകാറുണ്ടെന്ന് ഫാം ഹൗസ് ചുമതലയുള്ള ഡോ. സുരേഷ് പറഞ്ഞു. ജൈവ വളമെന്ന പേരിൽ പരിസര മലിനീകരണത്തിനിടയാക്കുന്ന അനധികൃതമായ സാധനങ്ങൾ രേഖകളില്ലാതെ കൃഷിസ്ഥലങ്ങളിൽ ഇറക്കി അമിതമായി പണം തട്ടുന്ന ഏജൻസികളെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പറഞ്ഞു.