
പെരുമ്പാവൂർ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായതിന് പിന്നാലെ കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് അറക്കപ്പടി പെരുമാനി കാരുവള്ളില്‍ വീട്ടില്‍ മുഹമ്മദ് അദ്നാനാണ് (22) തിങ്കളാഴ്ച ഉച്ചക്ക് അതിജീവിത താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസില്‍ പിടിയിലായത്.
പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ടുപേര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്ക് കുത്തേറ്റു. 14കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒക്ടോബര്‍ എട്ടിന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ 18 നാണ് ജാമ്യത്തിൽ ഇറങ്ങിയത്. പരാതി നല്‍കിയതിലും ജയിലില്‍ കഴിഞ്ഞതിലുമുള്ള വൈരാഗ്യത്തിലാണ് ജാമ്യം ലഭിച്ച് പുറത്തുവന്ന ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഈ കേസില്‍ ചൊവ്വാഴ്ച പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കൈയില്‍ വിലങ്ങുണ്ടായിരുന്നു. മജിസ്ട്രേറ്റ് കോടതി വരാന്തയിലൂടെ വടക്കുവശത്തേക്ക് ഓടിയ പ്രതി താഴേക്ക് ചാടുകയായിരുന്നു.
പരിഭ്രാന്തരായ പൊലീസ് ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും താഴെ എത്തിയപ്പോള്‍ പ്രതി എഴുന്നേൽക്കാനാകാത്ത സ്ഥിതിയിലായിരുന്നു. കാലിനും മുഖത്തും പരിക്കേറ്റ യുവാവിനെ പൊലീസ് ഉടനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
കാലിലെ പരിക്ക് സാരമുള്ളതായതു കൊണ്ട് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



