കോതമംഗലം: മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ബാരേജിലെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് 30 മീറ്ററായി ക്രമീകരിക്കും.
പെരിയാർവാലി കനാലുകളിലൂടെയുള്ള ജലവിതരണം കഴിഞ്ഞ ദിവസം നിർത്തിയതോടെ ജല നിരപ്പ് 34.85 മീറ്ററിൽ നിന്ന് താഴ്ത്തി 32 മീറ്ററായി ക്രമീകരിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ബാരേജിന്റെ ആറ് ഷട്ടറുകൾ 4.3 മീറ്റർ ഉയർത്തി വെള്ളം പുഴയിലേക്ക് ഒഴുക്കി.
ക്രമീകരണത്തിന്റെ ഭാഗമായി ഷട്ടറുകൾ കൂടുതൽ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യും. മഴ ശക്തമാകുന്ന സമയത്ത് ഘട്ടംഘട്ടമായി 15 ഷട്ടറുകളും ഉയർത്തും. ജലവിതാനം താഴ്ത്തുന്നതും പ്രതികൂല കാലാവസ്ഥയും മൂലം പെരിയാറിലൂടെയുള്ള വിനോദ ബോട്ട് യാത്രകൾ നിർത്തിവെച്ചു.