ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുണങ്ങംവേലി നെടുങ്ങൂർ വീട്ടിൽ സെബാസ്റ്റ്യനാണ് (59) എടത്തല പൊലീസിൻറെ പിടിയിലായത്.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ആലുവയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്.ഐമാരായ ഷെബാബ് കെ കാസിം, അബ്ദുൽ അസീസ്, എ.എസ്.ഐ ജോസ് കെ. ഫിലിപ്പ്, എസ്.സി.പി.ഒ ഷെബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
അതിനിടെ, ഇന്നലെ കാസർകോട് കുമ്പളയിൽ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ 10 വയസ്സുകാരിക്ക് നേരെ പീഡന ശ്രമം നടന്ന സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. മാതാവ് മരുന്നു വാങ്ങാൻ പോയ സമയത്ത് ലിഫ്റ്റ് കാണിക്കാമെന്ന് ധരിപ്പിച്ച് കുട്ടിയെ ഒരാൾ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മാതാവ് തിരിച്ചെത്തി വിവരം ആരാഞ്ഞപ്പോഴാണ് പീഡനത്തിനിരയായത് അറിഞ്ഞത്. ഉടൻ പൊലീസിൽ പരാതി നൽകി.