കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലെന്ന് വി.ഡി. സതീശൻ

Estimated read time 1 min read

ആലുവ: കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ വധിക്കാൻ ശ്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും അത് തുടരണമെന്നും ആഹ്വാനം ചെയ്ത പിണറായി വിജയന്‍ ക്രിമിനല്‍ മനസുള്ളയാള്‍ മാത്രമല്ല, ക്രിമിനല്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഇറങ്ങിപ്പോകാന്‍ മടിയാണെങ്കില്‍ കേരള ജനതയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആലുവയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

‘കണ്ണൂരില്‍ കരിങ്കൊടി കാട്ടിയ കെ.എസ്.യു- യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്നും രക്ഷാപ്രവര്‍ത്തനം നടന്നില്ലായിരുന്നെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്നും ഇതിന് കാരണം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള വിരോധമാണെന്നുമാണ് പൊലീസ് എ.എഫ്.ഐ.ആറില്‍ പറയുന്നത്. ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശേഷിപ്പിച്ച സംഭവത്തെയാണ് വധശ്രമമെന്ന് എഫ്.ഐ.ആറില്‍ പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. എഫ്.ഐ.ആര്‍ പുറത്ത് വന്ന സാഹചര്യത്തില്‍ നിയമനടപടിയെ കുറിച്ച് ആലോചിക്കും. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും.

ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെല്‍മറ്റും കൊണ്ടുള്ള വധശ്രമം ഇതുപോലെ തുടരണമെന്ന് ആഹ്വാനം ചെയ്ത പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രി പദത്തില്‍ ഇരിക്കാന്‍ യോഗ്യതയില്ല. മുഖ്യമന്ത്രിക്ക് ഇറങ്ങിപ്പോകാന്‍ മടിയാണെങ്കില്‍ കേരള ജനതയോട് മാപ്പ് പറയണം. ഒരു മുഖ്യമന്ത്രിമാരും ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ഇറങ്ങിപ്പോകാന്‍ പിണറായി വിജയന് മടി കാണും. മാപ്പ് പറഞ്ഞ് രാജി വച്ച് ഇറങ്ങിപ്പോകുന്നതാണ് നല്ലത്.

ആക്രമണത്തില്‍ പരിക്കേറ്റ സഞ്ജു സന്തോഷിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. ഒരാള്‍ ഗുരുതര പരിക്കോടെ ഐ.സി.യുവിലാണ്. ഹെല്‍മറ്റ് കൊണ്ട് അടിയേറ്റ പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞു. ഇതിനെയാണ് മുഖ്യമന്ത്രി ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിച്ചത്. ഈ അക്രമം തുടരണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മനസ് എത്ര നികൃഷ്ടമാണ്. ക്രിമിനലുകളെ തോല്‍പ്പിക്കുന്ന ക്രൂരമനസാണ് ഈ മുഖ്യമന്ത്രിക്ക്. ഇതുപോലെ ചെയ്യാന്‍ ഇയാള്‍ക്കല്ലാതെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന ആര്‍ക്കും പറ്റില്ല. എത്രവലിയ മനുഷ്യര്‍ ഇരുന്ന കസേരയില്‍ ഇരുന്നുകൊണ്ടാണ് പിണറായി വൃത്തികേട് പറയുന്നത്. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്.

ആയിരം പൊലീസുകാരുടെ നടുവില്‍ 42 വാഹനങ്ങളുടെ അകമ്പടിയില്‍ എന്നും നടക്കാമെന്നാണ് പിണറായി കരുതുന്നത്. കേരളത്തില്‍ രാജഭരണമല്ല നടക്കുന്നത്. ക്രിമിനലുകള്‍ സംസാരിക്കുന്നത് പോലെ കേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി പോലും സംസാരിച്ചിട്ടില്ല. കരിങ്കൊടി കാണിക്കുന്നവരെ കൊല്ലണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വധശ്രമം തുടരണമെന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ക്രിമിനലാണ്. പഴയ സ്വഭാവം ഇപ്പോഴുമുണ്ട്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിന് നേതൃത്വം നല്‍കിയ ഇ.പി ജയരാജന്‍ അടക്കമുള്ള നേതാക്കളാണ് ആത്മഹത്യയാണെന്നും ആത്മഹത്യാ സ്‌ക്വാഡെന്നും പറയുന്നത്.

നാട്ടുകാരുടെ ചെലവില്‍, നാണം ഇല്ലാതെ ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറിയെ കൊണ്ട് സ്വാഗതം പറയിപ്പിച്ച ശേഷം മുഖ്യമന്ത്രി രാഷ്ട്രീയം പ്രസംഗിക്കുന്നത് എന്ത് സര്‍ക്കാര്‍ പരിപാടിയാണ്. ഇതാണോ നവകേരള സദസ്? ഈ പരിപാടി നടത്തേണ്ടിയിരുന്നത് സ്വന്തം കയ്യിലെ പണം ഉപയോഗിച്ചാണ്. അഴിമതി നടത്തി കുറെ പണം ഉണ്ടാക്കിയിട്ടുണ്ടല്ലോ. അല്ലെങ്കില്‍ പാര്‍ട്ടിയുടെ പണം ഉപയോഗിച്ച് പരിപാടി സംഘടിപ്പിക്കണമായിരുന്നു. ഉദ്യോഗസ്ഥരെക്കൊണ്ട് പണം പിരിപ്പിച്ച് നടത്തുന്ന പരിപാടിയിലാണ് രാഷ്ട്രീയം പറയുന്നതും കലാപ ആഹ്വാനം നടത്തുന്നതും.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പുള്ള എല്‍.ഡി.എഫ് മുന്നേറ്റ പരിപാടിയായി നവകേരളം മാറ്റണമെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പരിപാടി ആണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍.ഡി.എഫിന്റെ ബഹുജന അടിത്തറ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കണമെന്നും ആഹ്വാനമുണ്ട്. രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസ് എന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കുലര്‍.

ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്തേണ്ടത്. പാര്‍ട്ടി പരിപാടിയാണെങ്കില്‍ അന്തസോടെ നടത്തണം. സി.പി.എം ഏരിയാ സെക്രട്ടറിയുടെ വാട്‌സാപ് ഗ്രൂപ്പിലേക്ക് ഫ്‌ളക്‌സ് ബോര്‍ഡുകളുടെ കണക്ക് നല്‍കലാണ് വില്ലേജ് ഓഫിസര്‍മാരുടെയും തഹസില്‍ദാര്‍മാരുടെയും പഞ്ചായത്ത് സെക്രട്ടറിമാരുടെയും പണി. എന്തൊരു നാണംകെട്ട പരിപാടിയാണ് നവകേരള സദസ്.

നവകേരള സദസ് എന്ന അശ്ലീല നാടകം കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പെന്‍ഷനും ശമ്പളവും കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണവും നല്‍കാനാകാതെ പ്രതിസന്ധിയിലായ സര്‍ക്കാര്‍ ഓരോ ദിവസവും കോടികളാണ് ചെലവഴിക്കുന്നത്. ബസില്‍ മുഖ്യമന്ത്രിയുടെ ഒപ്പം ഇരിക്കാം എന്നല്ലാതെ മന്ത്രിമാര്‍ക്ക് ഒരു പണിയും ഇല്ല. ബ്രേക്ക് ഫാസ്റ്റിന് പോലും പല മന്ത്രിമാരെയും വിളിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നേകാല്‍ കോടിയുടെ ബസ് ഉണ്ടാക്കി ടൂര്‍ പോകുകയാണെന്ന് പറഞ്ഞാല്‍ മതിയായിരുന്നു. ഒരു പരാതി പോലും മന്ത്രിമാര്‍ സ്വീകരിക്കുന്നില്ല. 5 മാസം മുന്‍പ് അദാലത്തില്‍ വാങ്ങിയ പരാതികള്‍ ഇപ്പോഴും അഴിച്ചു പോലും നോക്കാതെ കെട്ടിവച്ചിരിക്കുകയാണ്.

പിണറായി വിജയനുമായി ലാവലിന്‍, കുഴല്‍പ്പണ ഇടപാടുകളില്‍ സന്ധി ചെയ്തവരാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍. കരുവന്നൂര്‍ ബാങ്കിലും ഒത്തുതീര്‍പ്പുണ്ടാക്കും. സി.പി.എമ്മിനെ സഹായിക്കാനാണ് സുരേന്ദ്രന്‍ ഇപ്പോള്‍ സംസാരിക്കുന്നത്’ -വി.ഡി. സതീശൻ പറഞ്ഞു.

You May Also Like

More From Author