കൊച്ചി: നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ രാസ ലഹരിവസ്തുക്കളുമായി യുവാക്കൾ പിടിയിലായി. പള്ളുരുത്തിയിൽ നടന്ന പരിശോധനയിൽ പള്ളുരുത്തി ശശി റോഡ് മൂശാരിപറമ്പ് ആഷിം (30), പുത്തൻപുരക്കൽ ഷഹനാസ് (28) എന്നിവരെ 13.82 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി. കൊച്ചി സിറ്റി ഡാൻസാഫ് സംഘം എറണാകുളം പോറ്റക്കുഴി റോഡിൽ മാടവന ലൈനിലെ റെസിഡൻസിയിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് നല്ലളം അരീക്കാട് ജാഫർ സാദിഖ് (29) 5.32 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി.
സൗത്ത് പൊലീസ് ഇൻസ്പെക്ടർ പി.ജി. കുര്യാക്കോസിന്റെ നേതൃത്തിലുളള പൊലിസ് സംഘം പള്ളിമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ മലപ്പുറം വേങ്ങര കണ്ണമംഗലം പള്ളാശ്ശേരി വീട്ടിൽ മുഹമ്മദ് റാഫി (34) 0.97 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 4.70 ഗ്രാം എം.ഡി.എം.എ എന്നിവയുമായി പിടിയിലായി. ഡാൻസാഫ് സംഘം എറണാകുളം പള്ളിമുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ കോയമ്പത്തൂർ സ്വദേശി കൃഷ്ണ ചന്ദ്രൻ (29), വട്ടപ്പറമ്പ് ചെട്ടിക്കുളം സ്വദേശി മെയ്ജോ (26) എന്നിവരെ 0.3668 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 0.899 ഗ്രാം എം.ഡി.എം.എ എന്നിവയുമായും പിടികൂടി.
+ There are no comments
Add yours