തൃപ്പൂണിത്തുറ: ‘‘മേൽക്കൂര തകർന്നുവീഴാൻ അൽപം വൈകിയിരുന്നെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ. ദൈവമാണ് രക്ഷിച്ചത്’’ – ഉദയംപേരൂർ കണ്ടനാട് ഗവ. ജൂനിയർ ബേസിക് (ജെ.ബി) സ്കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂര തകരുന്നതിനിടെ ശബ്ദം കേട്ട് പുറത്തേക്കോടി രക്ഷപ്പെട്ട അംഗൻവാടിയിലെ ആയ ഇടയത്ത്മുകൾ ചക്കനാട്ട് വീട്ടിൽ ലിസി സേവ്യർ ഇത് പറയുമ്പോൾ ഭീതി വിട്ടുമാറിയിരുന്നില്ല.
വ്യഴാഴ്ച രാവിലെ 9. 20ഓടെ സ്കൂളിലെത്തിയ ലിസി ക്ലാസ് മുറി തുറന്ന് വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് മേൽക്കൂര ഞെരിയുന്ന ശബ്ദംകേട്ടത്. ഇതേസമയം തന്നെ സ്കൂളിലെ രണ്ട് അധ്യാപകരും സ്ഥലത്തെത്തി. എന്തോ ശബ്ദം കേൾക്കുന്നുണ്ടെന്ന് അവരും ലിസിയോട് പറഞ്ഞു. തുടർന്ന് വരാന്ത വൃത്തിയാക്കുമ്പോഴാണ് കെട്ടിടത്തിന്റെ മേൽക്കൂര വലിയ ശബ്ദത്തോടെ താഴേക്ക് വീണത്. ശബ്ദംകേട്ട് ഓടിമാറിയ ലിസി സ്കൂൾ മുറ്റത്തുതന്നെ കാലിടറി വീണു. കുറച്ചുനേരത്തേക്ക് തൊണ്ടയിൽനിന്ന് ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
കാലപ്പഴക്കമുള്ള കെട്ടിടത്തിൽ മഴക്കാലത്ത് ചോർച്ച പതിവാണ്. മഴവെള്ളം ബക്കറ്റിൽ ശേഖരിച്ച് പുറത്തുകളയുകയാണ് പതിവ്. എങ്കിലും പ്രദേശത്തെ ഗ്രാമസഭകൾ ഇവിടെ നടന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോളിങ് ബൂത്തായും പ്രവർത്തിച്ചു. മഴയൊന്നുമില്ലാതിരുന്ന തെളിഞ്ഞ കാലാവസ്ഥയിൽ തകർന്നുവീണ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. എന്നാൽ, കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ച് സ്കൂൾ അധികൃതർ ബന്ധപ്പെട്ടവരെയെല്ലാം അറിയിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ലിസി 2016 മുതൽ ഈ അംഗൻവാടിയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്.
+ There are no comments
Add yours