ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ വർധിക്കുന്നു; മൂന്ന് മാസത്തിനിടെ രജിസ്ററർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്; കൂടുതൽ ചാർജിങ് സ്റ്റേഷനുകളുമായി ഗതാഗത വകുപ്പ്

കൊച്ചി: കഴിഞ്ഞ മൂന്നുമാസത്തിനിടെ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ 11.33 ശതമാനം ഇലക്ട്രിക്കെന്ന് ഗതാഗത വകുപ്പ് കണക്കുകൾ. പാരമ്പര്യേതര ഊർജ ഉപയോഗം വർധിപ്പിക്കുക, പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതികാഘാതം ലഘൂകരിക്കുക, വായു ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് 2019ൽ സംസ്ഥാനത്ത് വൈദ്യുതി വാഹനനയം രൂപപ്പെടുത്തിയത്. ചാർജിങ് സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ കെ.എസ്.ഇ.ബി, അനെർട്ട്, കെ.എസ്.ആർ.ടി.സി എന്നിവയുമായി സഹകരിച്ച് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുവരുകയാണെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി. അനെർട്ട് വഴി വിവിധ ഓഫിസുകളിൽ 3.15 കോടി രൂപ ചെലവിൽ 35 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.

  • ആകെ 2,30,027 ഇലക്ട്രിക് വാഹനങ്ങളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • 2024ൽ ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ 10.69 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. 2022 വർഷത്തിൽ 5.05 ശതമാനമായിരുന്നു ഇ.വികൾ.
  • സ്വകാര്യ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 64 ലക്ഷം രൂപ സബ്സിഡി അനുവദിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ സഹായത്തോടെ 32 ചാർജിങ് സ്റ്റേഷനുകളും സൗകര്യങ്ങളും പൊതുജനങ്ങൾക്കായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് അഞ്ചുകോടി രൂപ കെ.എസ്.ഇ.ബിക്ക് ഗതാഗത വകുപ്പ് നൽകി.
  • 15 മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 1.35 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്. ആയിരം ഇ-ഓട്ടോറിക്ഷകൾക്ക് മൂന്നുകോടി രൂപ സബ്സിഡി സർക്കാർ അനുവദിച്ചു.

കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ലിമിറ്റഡിന്​ കീഴിൽ 165 ഇലക്ട്രിക് ബസുകൾ രജിസ്റ്റർ ചെയ്ത് സർവിസ് നടത്തുന്നുണ്ട്. രണ്ട് ഡബിൾ ഡക്കർ ഉൾപ്പെടെ 52 ഇലക്ട്രിക് ബസുകൾ സ്വിഫ്റ്റിൽ രജിസ്റ്റർ ചെയ്തും 113 ഇ-ബസുകൾ തിരുവനന്തപുരം സ്മാർട്ട് സിറ്റി ലിമിറ്റഡ് അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയുമാണ് സർവിസ് നടത്തുന്നത്​. കെ.എസ്.ആർ.ടി.സിയിൽ ഇ.വി സ്റ്റേഷൻ സ്ഥാപിക്കാൻ രണ്ടുകോടി രൂപ കൈമാറി. ആലുവ, കളമശ്ശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈകോര്‍ട്ട് റൂട്ടുകളിലായി കൊച്ചി മെട്രോയുടെ ഫീഡർ ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നുണ്ട്. ജനുവരി 16 മുതല്‍ ഇതുവരെ 2,05,854 പേര്‍ യാത്ര ചെയ്തു.

 

You May Also Like

More From Author

+ There are no comments

Add yours