
കൊച്ചി: വിഷുവിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആഘോഷ പ്രതീതിയിലാണ് നാടും നഗരവും. വിഷുക്കണി ഒരുക്കാനും വിഷുക്കോടി വാങ്ങാനും ഒക്കെയായി നഗരത്തിലെ പച്ചക്കറി കടകളിലും തുണിക്കടകളിലും തിരക്കേറിയിട്ടുണ്ട്. ആഘോഷങ്ങൾ ഗംഭീരമാക്കാൻ കുട്ടികളും മുതിർന്നവരും എല്ലാവരും ചേർന്ന് കുടുംബ സമേതമാണ് കടകളിലേക്ക് എത്തുന്നത്.
കണി ഒരുക്കാനുള്ള സാധനങ്ങൾ റെഡി…
വിഷുവിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ് രാവിലെ എഴുന്നേൽക്കുമ്പോൾ കാണുന്ന വിഷുക്കണി. കണിക്കൊന്നയും വെള്ളരിയും ചക്കയും മാങ്ങയും എല്ലാം അടങ്ങുന്നതാണ് വീടുകളിലൊരുങ്ങുന്ന കണി. അതുകൊണ്ട് തന്നെ വിഷുക്കണിക്കായുള്ള സാധനങ്ങൾ വാങ്ങാനാണ് തിരക്കേറെയും. മഴ പെയ്താൽ നശിച്ചുപോകുമെന്നത്കൊണ്ട് കണിക്കൊന്ന ഞായറാഴ്ചയോടെ മാത്രമെ വിപണിയിൽ എത്തുകയുള്ളുവെന്ന് വ്യാപാരികൾ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ആളുകൾ ഇപ്പോൾ കൂടുതൽ തിരഞ്ഞ് വരുന്ന പ്ലാസ്റ്റിക്ക് കണിക്കൊന്നകൾ കടകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. അഞ്ചെണ്ണത്തിന്റെ കൂട്ടത്തിന് 100 രൂപയാണ് വില. കൂടാതെ കൃഷ്ണ വിഗ്രഹങ്ങൾക്കും ആവശ്യക്കാരേറെയാണ്. 330 രൂപ വില വരുന്ന ചെറിയ വിഗ്രഹങ്ങൾ മുതൽ 5000 രൂപയുടെ വലിയ വിഗ്രഹങ്ങൾ വരെ വിപണിയിലുണ്ട്.
കണി ഒരുക്കുമ്പോൾ വെക്കുന്ന പച്ചക്കറികളും വിപണി കീഴടക്കിക്കഴിഞ്ഞു. കണി വെള്ളരി, മാങ്ങ, ചക്ക മുതലായവയാണ് ആളുകൾ കൂടുതലായും വാങ്ങാനെത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇവക്കൊന്നും വില വർധിക്കാത്തത് വ്യാപാരികൾക്ക് വലിയ ആശ്വാസമായി. കിലോക്ക് 50 രൂപ വരെയാണ് കണിവെള്ളരിയുടെ വില. 40 മുതൽ 50 രൂപ വരെയാണ് ചക്കയുടെ വില. എന്നാൽ, മാങ്ങയുടെ സീസൺ അല്ലാത്തതിനാൽ കിലോക്ക് 120 രൂപ വരെയാണ് ഇവക്ക് വില. അതേസമയം സദ്യക്കായി ആളുകൾ പച്ചക്കറി വാങ്ങുന്നതിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. അവർ കൂടുതലായും കാറ്ററിങ് സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ആശ്രയിക്കുന്നത് കൊണ്ടാണിത്. അതുകൊണ്ട് തന്നെ വിഷുസദ്യക്ക് മികച്ച ഓഫറുകളമായി നഗരത്തിലെ ഹോട്ടലുകളും സജ്ജമാണ്.
തുണിക്കടകളും സജീവം
വിഷുവിന് ആളുകൾക്ക് കണിയും കൈനീട്ടവും പോലെ തന്നെ പ്രാധാന്യമുള്ളതാണ് വിഷുക്കോടിയും. സെറ്റ് മുണ്ടും ഷർട്ടും സെറ്റ് സാരിയും എല്ലാമായാണ് മലയാളികൾ വിഷുവിനെ വരവേൽക്കുന്നത്. കോടി വാങ്ങാനായി തുണിക്കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരേ ഡിസൈനിലുള്ള മുണ്ട്, ഷർട്ട്, സാരി, പട്ടുപാവവാട എന്നിവക്കാണ് ആവശ്യക്കാർ ഏറെയും. ആഘോഷങ്ങളുടെ മാറ്റ് കൂട്ടാൻ വമ്പൻ ഡിസ്കൗണ്ടുകളും ഓഫറുകളും കടകൾ നൽകുന്നുണ്ട്. 10,000 രൂപക്ക് മുകളിൽ വസ്ത്രങ്ങൾ വാങ്ങുന്ന ആളുകൾക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് തങ്ങൾ നൽകുന്നതെന്ന് പുളിമൂട്ടിൽ സിൽക്സ് എം.ഡി റോജർ ജോൺ പറഞ്ഞു. ഇതിന് പുറമേ വിവിധ കമ്പനികളുടെ വസ്ത്രങ്ങളുടെ വിലയിൽ പലവിധത്തിലുള്ള ഡിസ്കൗണ്ടുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷു പ്രമാണിച്ച് ഗൃഹോപകരണ സ്ഥാപനങ്ങളും നിരവധി ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എ.സി, ടി.വി, ഫ്രിഡ്ജ് മുതലായവക്ക് വലിയ ഡിസ്കൗണ്ടുകൾ ഉണ്ട്. നഗരത്തിലെ പ്രമുഖ ഗൃഹോപകരണ സ്ഥാപനമായ ബിസ്മിയിൽ ഒരു രൂപ വിഷുക്കൈനീട്ടമായി എത്തുന്നവർക്ക് ഫിനാൻസിൽ എ.സി വാങ്ങാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുത്ത ബ്രാൻഡുകളുടെ എ.സി വിലയിൽ ഫ്ലാറ്റ് 50 ശതമാനം കിഴിവുമുണ്ടെന്ന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ഡോ. വി.എ. അഫ്സൽ പറഞ്ഞു.
+ There are no comments
Add yours