തൃപ്പൂണിത്തുറ: എരൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. എരൂർ നായർ സമാജത്തിനു സമീപം കല്ലറ റോഡിൽ പാലയ്ക്കൽ വീട്ടിൽ സന്തോഷ് മകൻ പി.എസ്.അതുൽ (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെ എരൂർ മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തു വെച്ചായിരുന്നു അപകടം. അതുൽ ഓടിച്ച ഡ്യൂക്ക് ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിനും മതിലിനുമിടയിലൂടെ കടക്കുകയും തല പോസ്റ്റിലിടിച്ച യുവാവും ബൈക്കും മറ്റൊരു ഇരുചക്രവാഹനത്തിന്റെ മുകളിലേയ്ക്ക് മറിയുകയുമായിരുന്നു.
ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ബുധനാഴ്ച്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മാതാവ്: സിംല. സഹോദരി: ആദിത്യ.