അങ്കമാലി: നമ്പർപ്ലേറ്റ് മാറ്റി മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന യുവാക്കൾ പൊലീസ് പിടിയിൽ. ചാലക്കുടി ചന്ദനക്കുന്ന് ചെങ്കിനിയാടൻ വീട്ടിൽ ലിബിൻ (23), അതിരപ്പിള്ളി വെറ്റിലപ്പാറ പെരുമ്പിള്ളി വീട്ടിൽ അച്ചു എന്ന വിഷ്ണു (22) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.
18ന് അങ്കമാലി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത ബൈക്കാണ് മോഷ്ടിച്ചത്. നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടക്കുന്നതിനിടെ വെള്ളിയാഴ്ച വെള്ളിക്കുളങ്ങരയിൽ പൊലീസ് വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ലിബിൻ പോക്സോ കേസിൽ പ്രതിയാണ്. രണ്ടുപേർക്കും മോഷണക്കേസുകളുള്ളതായും പൊലീസ് പറഞ്ഞു.