മൂവാറ്റുപുഴ: ഉദ്യോഗസ്ഥരുടെ കുറവ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പ്രവർത്തനത്തെ ബാധിക്കുന്നു. തിരക്കേറിയ കച്ചേരിത്താഴത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഇരിക്കാൻ ഉദ്യോഗസ്ഥരില്ലാത്തതിനാൽ തുറന്നിട്ട് ദിവസങ്ങളായി. ഗതാഗതക്കുരുക്ക് മൂലം നട്ടം തിരിയുന്ന നഗരത്തിൽ ട്രാഫിക് പൊലീസിന്റെ കുറവും പ്രശ്നം സൃഷ്ടിക്കുകയാണ്.
മധ്യകേരളത്തിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിലൊന്നായ ഇവിടെ 115 പേരാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവിലുള്ള അംഗബലം 85 മാത്രമാണ്. വിരമിച്ചവർക്കും സ്ഥലംമാറി പോയവർക്കും പ്രമോഷൻ ലഭിച്ച് പോയവർക്കും പകരം ആളെത്താത്തതാണ് കാരണം.
നിലവിലുള്ളതിൽ 20 ഓളം പേർ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി സ്റ്റേഷനിലില്ല. വിജിലൻസ് കോടതി, കുടുംബ കോടതി എന്നിവയിലേക്ക് പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ നിന്നയക്കേണ്ടതുണ്ട്. ഇതിനു പുറമെ, പിങ്ക് പട്രോൾ, സ്റ്റുഡൻറ് കേഡറ്റ് ചുമതല, ആൻറി നാർകോട്ടിക് കമ്മിറ്റി, സ്റ്റുഡന്റ് പ്രൊട്ടക്ഷൻ സ്ക്വാഡ് എന്നിങ്ങനെയുള്ള പദ്ധതികൾക്കും പൊലീസുകാരെ നിയമിക്കണം.
ഇതോടെ ദൈനംദിന ജോലികൾക്കു പോലെ ആളില്ലെന്ന അവസ്ഥയാണ്. ആൾക്ഷാമം മൂലം പ്രധാന കേസുകളുടെ അന്വേഷണം വരെ മുടങ്ങുന്ന സ്ഥിതിയുണ്ട്. മേഖലയിൽ മോഷണവും മറ്റു കുറ്റകൃത്യങ്ങളും വ്യാപകമായിട്ടും പൊലീസിന് ശക്തമായി ഇടപെടാൻ പോലും കഴിയുന്നില്ലെന്നതും ഗൗരവതരമാണ്.
ഗതാഗതം നിയന്ത്രിക്കാനാളില്ല; വീർപ്പുമുട്ടി നഗരം
ഗതാഗതക്കുരുക്ക് മൂലം വീർപ്പുമുട്ടുന്ന നഗരത്തിൽ ആവശ്യത്തിന് ട്രാഫിക് പൊലീസ് ഇല്ലാത്തത് പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഒരു ദേശീയപാതയും മൂന്നു സംസ്ഥാനപാതകളും കടന്നുപോകുന്ന നഗരം ഗതാഗതകുരുക്ക് കാരണം വീർപ്പുമുട്ടുകയാണ്. നഗര റോഡ് വികസനം സ്തംഭിച്ചതോടെ സ്ഥിതി രൂക്ഷമായിട്ടുണ്ട്. തിരക്കേറിയ നഗരത്തിലെ കച്ചേരിത്താഴം, പി.ഒ ജങ്ഷൻ, നെഹ്റു പാർക്ക്, വെള്ളൂർക്കുന്നം, വൺവേ ജങ്ഷൻ, കീച്ചേരിപ്പടി എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസ് സേവനം അത്യാവശ്യമാണ്. എന്നാൽ മിക്ക സ്ഥലങ്ങളിലും ഇത് കിട്ടുന്നില്ല. ഇത് ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. തിരക്കേറിയ ശനിയാഴ്ചകളിൽ പല സ്ഥലങ്ങളിലും നാട്ടുകാർ ഇറങ്ങിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്.