കളമശ്ശേരി: ജില്ലയിലെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസം പകർന്ന് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി കെട്ടിടവും കൊച്ചിൻ കാൻസർ റിസർച് സെൻററും അതിവേഗം ഒരുങ്ങുന്നു. അന്തിമഘട്ടത്തിലുള്ള കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി പി. രാജീവ് മെഡിക്കൽ കോളജ് സന്ദർശിച്ചു. കാൻസർ സെന്റർ നിർമാണം പൂർത്തിയാക്കി ജനുവരി 30ന് സർക്കാറിന് കൈമാറും. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും നിർമാണം പൂർത്തിയാക്കി കൈമാറും. കാൻസർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് മേയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
കാൻസർ സെന്ററിൽ 12 ഓപറേഷൻ തിയറ്റർ
2017ൽ ഭരണാനുമതി ലഭിച്ച കൊച്ചി കാൻസർ റിസർച്ച് സെന്റർ (സി.സി.ആർ.സി) നിർമാണം 85 ശതമാനം പൂർത്തിയായി. മറ്റ് കാൻസർ സെന്ററുകളിൽനിന്ന് വ്യത്യസ്തമായി ഗവേഷണത്തിനുകൂടി പ്രാധാന്യം നൽകുന്നതാണ് കൊച്ചിൻ കാൻസർ സെന്റർ (സി.സി.ആർ.സി). എട്ട് നിലയിലായി 6.4 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 360 കിടക്ക ഇവിടെ സജ്ജമാക്കും. അത്യാധുനിക പരിശോധനാ സംവിധാനങ്ങളാണ് തയാറാകുന്നത്. ഇൻകെലിനാണ് നിർമാണച്ചുമതല. ഭാവിയിലെ ആവശ്യങ്ങൾകൂടി പരിഗണിച്ചുള്ള പ്ലാനാണ് തയാറാക്കി വികസിപ്പിച്ചിരിക്കുന്നത്.
ആകെ 12 ഓപറേഷൻ തിയറ്ററുകളുണ്ട്. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നു. കേരളത്തിലാദ്യമായി പ്രോട്ടോൺ തെറപ്പി എന്ന നൂതന സംവിധാനത്തിനുകൂടിയുള്ള പ്രോജക്ട് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം.ആർ.ഐ സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, സി.എസ്.എസ്.ഡി, മോഡുലാർ ഒ.ടി തുടങ്ങിയവ സ്ഥാപിച്ചു. മറ്റുപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. 500 കിലോ വാട്ടിന്റെ സോളാർ പാനലും സജ്ജമാക്കുന്നുണ്ട്.
16 ലിഫ്റ്റ് സജ്ജമാകും. കാൻസർ സെന്ററിൽ ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാർട്ടപ് സംരംഭങ്ങൾക്കുകൂടി കുറച്ച് സ്ഥലം അനുവദിക്കുന്നത് പരിഗണിക്കുന്നുണ്ട്. 7000 ചതുരശ്ര അടി സ്ഥലമാണ് ഇപ്പോൾ ഗവേഷണത്തിന് മാറ്റിവെച്ചിട്ടുള്ളത്. കാൻസർ ചികിത്സ, ഗവേഷണം, സ്റ്റാർട്ടപ്പുകൾക്കുള്ള പ്രചോദനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 384.34 കോടി രൂപ ചെലവിട്ട് കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 225.59 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിക്കുന്നു. 159.75 കോടി രൂപ മെഡിക്കൽ ഉപകരണങ്ങൾ, വിവരസാങ്കേതികവിദ്യ, ഫർണിച്ചറുകൾ എന്നിവക്കും വിനിയോഗിക്കുന്നു.
286 കോടിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ മൂന്നുനില ജനുവരിയിൽ തന്നെ പൂർത്തിയാകും. സാങ്കേതിക പരിശോധനകൾ ഫെബ്രുവരി അവസാനം പൂർത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സർജറി, ന്യൂറോ സർജറി, യൂറോളജി, ട്രാൻസ് ഫ്യൂഷൻ മെഡിസിൻ, ഹൃദയ ശസ്ത്രക്രിയ വിഭാഗം എന്നിവയുണ്ടാകും. 286.66 കോടി രൂപയാണ് നിർമാണച്ചെലവ്. 842 പുതിയ കിടക്കകൾ സജ്ജമാക്കും. നിലവിൽ 500 കിടക്കയുണ്ട്. ആകെ 1342 കിടക്ക സജ്ജമാകും. 8.64 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ബ്ലോക്ക് ഒരുങ്ങുന്നത്.
രോഗികൾക്ക് കാത്തിരിക്കാനുള്ള സൗകര്യം, സാങ്കേതിക സംവിധാനങ്ങൾ, ഡോക്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ, വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം തുടങ്ങിയ എല്ലാ അത്യാധുനിക സംവിധാനങ്ങളും സാധാരണ ജനങ്ങൾക്കുകൂടി പ്രാപ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിെല 500 കിടക്കക്ക് പുറമെ 842 പുതിയ കിടക്കകൂടി ഇവിടെ സജ്ജമാക്കും. ആകെ 1342 കിടക്ക രോഗികൾക്കായി തയാറാകും. 2018 ഏപ്രിലിലാണ് കിഫ്ബി പദ്ധതിക്ക് അനുമതി നൽകുന്നത്. കേരള സ്റ്റേറ്റ് മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡാണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. 18 ലിഫ്റ്റാണ് പ്രവർത്തനസജ്ജമാകുന്നത്.
+ There are no comments
Add yours