
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നേത്രദാന സമ്മതപത്രം കൈമാറുന്നു
ആലുവ: 50 പൊലീസ് ഉദ്യോഗസ്ഥർ മരണാനന്തരം കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നൽകി. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി, അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലുമായി സഹകരിച്ച് ആലുവയിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പിലാണ് നേത്രദാന സമ്മതപത്രം കൈമാറിയത്.
ക്യാമ്പ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ്. നവാസ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ല പ്രസിഡൻ്റ് ജെ. ഷാജിമോൻ അധ്യക്ഷത വഹിച്ചു. ജയേഷ് സി. പാറയ്ക്കൽ സമ്മതപത്രം ഏറ്റുവാങ്ങി. ടി.ടി. ജയകുമാർ, ഇ.കെ. അബ്ദുൽ ജബ്ബാർ എം.ഐ. ഉബൈസ്, എം.വി. സനിൽ, ബെന്നി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതുവരെ ആയിരത്തിയഞ്ഞൂറോളം പേരെ കാഴ്ചയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച് ബോധവൽക്കരണ പരിപാടികളും സംഘടന നടത്തി വരുന്നു.