
പെരുമ്പാവൂർ: പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയില. കോട്ടപ്പടി എടയാൽ വീട്ടിൽ സുരേഷിനെയാണ് (43) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ കാഞ്ഞിരക്കാട് സ്വദേശി നൽകിയ പരാതിയിലാണ് നടപടി.
എം.എൽ.എയുടെ അയൽവാസിയായ വീട്ടമ്മ കാൻസർ ബാധിച്ച് ചികിത്സയിലാണെന്നും 5000 രൂപ നൽകണമെന്ന് എം.എൽ.എ നിർദേശിച്ചതായും കാണിച്ച് പ്രതി പരാതിക്കാരനെ ഫോണിൽ വിളിക്കുകയായിരുന്നു. തുക മറ്റൊരു ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയക്കണമെന്നായിരുന്നു ആവശ്യം. സംശയം തോന്നിയ പരാതിക്കാരൻ, പണം നേരിട്ട് എത്തിയാൽ തരാമെന്ന് അറിയിച്ചു. തുടർന്ന് പണം വാങ്ങാൻ എത്തിയ പ്രതിയെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



