അങ്കമാലി: എം.സി റോഡിൽ വേങ്ങൂർ ഭാഗത്ത് അപകടങ്ങൾ ഒഴിയുന്നില്ല. വെള്ളിയാഴ്ചയും നിയന്ത്രണംവിട്ട ബൈക്ക് കാറുകളിൽ ഇടിച്ച് യുവാവിന് സാരമായ പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പാലിശ്ശേരി കൈപ്രമ്പാടൻ കെ.വി. വിമലിനാണ് (21) പരിക്കേറ്റത്. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേങ്ങൂർ ഡബിൾ പാലത്തിന് സമീപം കിടങ്ങൂർ കവലയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. കാലടിയിൽനിന്ന് അങ്കമാലിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.
കാലടി ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ കിടങ്ങൂർ കവലയിൽ മുന്നറിയിപ്പില്ലാതെ വലത്തേക്ക് തിരിഞ്ഞതോടെയാണ് പിന്നിൽ വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണംവിട്ട് കാറിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചുകയറിയത്. ദിവസങ്ങൾക്ക് മുമ്പാണ് വേങ്ങൂർകവലയിൽ ടാങ്കറിടിച്ച് ബൈക്കിന് പിന്നിൽ സഞ്ചരിച്ച വീട്ടമ്മ മരിച്ചത്. അതിന് രണ്ടാഴ്ച മുമ്പ് തുടർച്ചയായി മൂന്ന് അപകടങ്ങളുണ്ടായത്.
ബൈക്ക് യാത്രികരാണ് പ്രധാനമായും അപകടത്തിൽപെട്ടത്. അങ്കമാലി-കാലടി റൂട്ടിൽ നിരന്തരം ജീവഹാനി സംഭവിക്കുന്ന അപകടങ്ങൾ നടക്കുന്ന പ്രദേശമാണിവിടം.
വളവും തിരിവുമുള്ള റോഡിൽ ചിലയിടങ്ങളിൽ കൂടുതൽ വീതിയുള്ളതിനാൽ വാഹനങ്ങൾ അനിയന്ത്രിതമായി സഞ്ചരിക്കുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നതും അമിത വേഗത്തിൽ നാല് നിരകളിൽ വരെ സമാന്തര സഞ്ചാരവുമാണ് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.
വേങ്ങൂരും പരിസരവും അപകട കേന്ദ്രമായിട്ടും പൊലീസ് സുരക്ഷ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുണ്ട്.