മൂവാറ്റുപുഴ: യുവതലമുറയെ അടക്കം വായനയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ “കോഫി വിത്ത് എ ബുക്ക് ” എന്ന പദ്ധതിയുമായി എഴുത്തുകാരൻ കൂടിയായ ബേക്കറി ഉടമ പി.എം. ഷുക്കൂർ. ലത ബസ് സ്റ്റാൻഡിനു സമീപത്തെ പൈനായിൽ ബേക്കറിയാണ് വ്യത്യസ്തമായ വായനാ പരിപാടിക്ക് വേദിയായിരിക്കുന്നത്.
ശീതളപാനീയങ്ങളോ ചായയോ കുടിക്കുവാൻ എത്തുന്നവർക്ക് അവർക്കിഷ്ടമുള്ള പുസ്തകങ്ങളും തിരഞ്ഞെടുത്തു വായിക്കുന്നതിനുള്ള അവസരമാണ് ബേക്കറിയിൽ ഒരുക്കിയിരിക്കുന്നതെന്ന് ഷുക്കൂർ പറഞ്ഞു. ബേക്കറിയിൽ പലഹാരങ്ങൾക്കൊപ്പം പുസ്തകങ്ങൾ വയ്ക്കാൻ പ്രത്യേക അലമാരകളും ഉണ്ട്.
ചങ്ങമ്പുഴ ജീവിതവും കലാപവും’ എന്ന പുസ്തകം അടക്കം നിരവധിഗ്രന്ഥങ്ങൾ രചിച്ച ഷുക്കൂർ വിശ്വ സാഹിത്യത്തിലെ പ്രമുഖ കൃതികൾ അടക്കം വായനക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. കോഫി വിത്ത് ബുക്ക് എന്ന ആശയം മൂവാറ്റുപുഴയിൽ ആദ്യമാണ്. പുസ്തകങ്ങൾ കടയിൽ ഇരുന്നു വായിക്കുവാൻ മാത്രമേ അനുവാദമുള്ളു.
ലോക സാഹിത്യത്തിലെത് അടക്കം എണ്ണായിരത്തോളം പുസ്തകങ്ങളുള്ള ഹോം ലൈബ്രറിയും ഷുക്കൂറിന് സ്വന്തമായുണ്ട്. ബേക്കറിയിലെ തിരക്കുകൾക്കിടയിലും പുസ്തക രചനക്കും വായനക്കും ഷുക്കൂർ സമയം കണ്ടെത്തുന്നുണ്ട്.
സുഹൃത്തുക്കൾക്ക് പുറമെ ഭാര്യയും മക്കളും ഷുക്കൂറിെന്റ ഉദ്യമത്തിന് കൂട്ടായി കൂടെയുണ്ട്.