ആലുവ: സൈബർ ആക്രമണങ്ങൾ തടയാനും പ്രതിരോധിക്കാനും റൂറൽ ജില്ലയിൽ സൈബർ വാളന്റിയർമാർ ഒരുങ്ങി. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. റൂറൽ പൊലീസിൽ 374 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ ബാച്ചിന്റെ പരിശീലനം പൂർത്തിയായി.
സർക്കാർ ജോലിക്കാർ, അധ്യാപകർ, വിദ്യാർഥികൾ, വീട്ടമ്മമാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലുള്ളവരും വളന്റിയർമാരായിട്ടുണ്ട്. ഇവർ ഇവരുടെ മേഖലകളിൽ ഒൺലൈനായും ഓഫ്ലൈനായും ബോധവത്കരണം നൽകും. സൈബർ ഓപറേഷൻ വിങ്ങിന്റെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുക.
അഞ്ച് സബ് ഡിവിഷനിലെ മുഴുവൻ സ്റ്റേഷനുകളുടെ പരിധിയിൽനിന്നുള്ളവരും ഇതിന്റെ ഭാഗമാകുന്നുണ്ട്.
റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ആദ്യഘട്ട പരിശീലനത്തിൽ നോഡൽ ഓഫിസറും ഡിവൈ.എസ്.പിയുമായ അബ്ദുൽ റഹീം പദ്ധതി വിശദീകരിച്ചു. സൈബർ പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ പി.എം. തൽഹത്ത് ക്ലാസ് നയിച്ചു.