കാക്കനാട്: കൊച്ചി കോർപറേഷന്റെ മാലിന്യ ലോറികളിൽനിന്ന് ഒഴുകിയ മലിനജലത്തിൽ ഇരുചക്രവാഹന യാത്രക്കാർ തെന്നിവീഴുന്ന സംഭവത്തിൽ കോർപറേഷൻ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, കോൺട്രാക്ടർ, ആറ് ജീവനക്കാർ അടക്കം ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടരമാസമായി പൊതുജനങ്ങൾ റോഡിൽ ദുരിതമനുഭവിക്കുകയാണ്.
ആറ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത ശേഷം വ്യാഴാഴ്ച രാത്രിയോടെ വിട്ടുനൽകി. അതേസമയം, മാലിന്യം കൊണ്ടുപോകാൻ പ്രത്യേക വാഹനങ്ങൾ ഉണ്ടെന്നിരിക്കെ സാധാരണ ടിപ്പർ ലോറികളിൽ കൊണ്ടുപോകൽ നിയമ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും പിടിച്ചെടുത്ത ടിപ്പർ ലോറികൾ കോടതിയിൽ ഹാജരാക്കാതെ വിട്ടുനൽകിയതിലും ദുരൂഹതയുണ്ടെന്നും യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. മാലിന്യ ലോറികൾ തടഞ്ഞ കോൺഗ്രസ്, മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും തൃക്കാക്കര പൊലീസ് കേസെടുത്തു.
പൊലീസ് നടപടി സ്വീകരിച്ചിട്ടും വെള്ളിയാഴ്ച രാവിലെയും കാക്കനാട് ജങ്ഷനിൽ റോഡിലെ മലിനജലത്തിൽ ഐ.ടി ജീവനക്കാരി തെന്നിവീണതായും നാട്ടുകാർ പറഞ്ഞു.