കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന്​ കേസ്; പൊലീസ്​ സ്​റ്റേഷൻ കത്തിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയെന്ന്​

Estimated read time 0 min read

കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എൽ.എൽ.എമാരായ ഉമ തോമസ്, ടി.ജെ. വിനോദ്, അൻവർ സാദത്ത് എന്നിവരടക്കം 75 പേരെ പ്രതികളാക്കിയാണ് കേസെടുത്തത്. കലാപശ്രമമടക്കം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പൊലീസ്​ സ്​റ്റേഷൻ കത്തിക്കുമെന്ന്​ നേതാക്കൾ ഭീഷണി മുഴക്കിയതായും എഫ്​​.ഐ.ആറിൽ പറയുന്നുണ്ട്​.

തിങ്കളാഴ്ച രാത്രി എട്ടോടെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനുമുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തൃക്കാക്കരയിലെ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

ആദ്യം സ്റ്റേഷൻജാമ്യം കിട്ടുന്ന നിസ്സാര വകുപ്പുകൾ ചുമത്തി കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ രാത്രി വിട്ടയക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും പിന്നീട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുകയായിരുന്നെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ഇതോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഉപരോധവും സംഘർഷവും പുലർച്ച ഒരുമണി വരെ നീണ്ടു. ഒടുവിൽ നേതാക്കളും പൊലീസും ചർച്ച നടത്തി പ്രവർത്തകരെ ചൊവ്വാഴ്ച പുലർച്ച രണ്ടുമണിയോടെ മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ച് ജാമ്യം കൊടുത്തതോടെയാണ് സംഘർഷം അവസാനിച്ചത്.

You May Also Like

More From Author