ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിമരുന്ന് കേസ്​: സർക്കാറും എക്​സൈസ്​ കമീഷണറും മറുപടി പറയണമെന്ന്​ ഹൈകോടതി

Estimated read time 1 min read

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയെന്നത് സത്യമെങ്കിൽ സർക്കാറും എക്‌സൈസ് കമീഷണറുമടക്കം കൃത്യമായ മറുപടി പറയണമെന്ന് ഹൈകോടതി. ഇവർ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നത് ഗുരുതര വിഷയമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. എതിർ കക്ഷികളായ ചീഫ് സെക്രട്ടറിക്കും എക്സൈസ് ഉദ്യോഗസ്ഥർക്കും നോട്ടീസ്​​ അയക്കാനും നിർദേശിച്ചു.

ലഹരിമരുന്ന്​ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ ഷീല, 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് നടപടി. ഹരജി മാർച്ച്​ ഏഴിന് വീണ്ടും പരിഗണിക്കും. പിടിച്ചെടുത്തത്​ മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയെന്നും എക്സൈസും തൽപരകക്ഷികളും ചേർന്ന് കുടുക്കിയതാണെന്നും ഹരജിക്കാരി വാദിച്ചു. വ്യാജ കേസിന്‍റെ പേരിൽ എക്സൈസ് ഉദ്യോഗസ്ഥൻ കെ. സതീശനെതിരെ അന്വേഷണം നടക്കുന്നുണ്ട്​. ഇദ്ദേഹം സസ്പെൻഷനിലാണ്.

തിരുവനന്തപുരം അസി. എക്സൈസ് കമീഷണർ, എറണാകുളം എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ, കേസ്​ അന്വേഷിച്ച തൃശൂർ അസി. എക്സൈസ് കമീഷണർ (റിട്ട.) ഡി. ശ്രീകുമാർ, ഇരിങ്ങാലക്കുടയിലെ എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.എ. ജയദേവൻ, ഷിബു വർ‌ഗീസ്, ആർ.എസ്. രജിത എന്നിവരും എതി‌ർ കക്ഷികളാണ്. ഇതിൽ ഇരിങ്ങാലക്കുട ഓഫിസിൽ തുടരുന്ന മൂന്നു പേർക്ക് ഇ-മെയിൽ വഴി നോട്ടീസ് നൽകാനാണ് നിർദേശം. പ്രത്യേക ദൂതൻ വശം നോട്ടീസ് കൊടുത്തുവിട്ട് പരാതിക്കാരിയെ വീണ്ടും മുൻവിധിക്ക്​ ഇരയാക്കുന്നില്ലെന്നും ഹൈകോടതി പറഞ്ഞു.

You May Also Like

More From Author