കൊച്ചി: ചൂട് കത്തിക്കയറുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയില്ലെങ്കിലും പ്രചാരണം ചൂട് പിടിക്കുന്നതിന് മുമ്പേ കളത്തിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. സ്ഥനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ എൽ.ഡി.എഫ് സാരഥികളാണ് ഇക്കാര്യത്തിൽ ഒരു മുഴം മുന്നിൽ.
സ്ഥാനാർഥികളെക്കുറിച്ച് ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ യു.ഡി.എഫ് ഇനിയും പ്രത്യക്ഷ പ്രചാരണ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടില്ല. ബി.ജെ.പിയുടെ കാര്യവും അങ്ങനെതന്നെ. എന്നാൽ, മുഖ്യ പ്രചാരണത്തിന് മുന്നോടിയായ അടിസ്ഥാന കാര്യങ്ങൾ മുന്നണികളെല്ലാം പൂർത്തിയാക്കി. പൊതുപരിപാടികളിലും ജനകീയ സമര മുഖങ്ങളിലും വിവാഹം, മരണം പോലുള്ള ചടങ്ങുകളിലും സ്ഥനാർഥികളുടെ സാന്നിധ്യം വർധിച്ചിട്ടുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്ത്
പ്രചാരണം കൊഴുപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാൻ കാത്തുനിൽക്കുകയാണ് പാർട്ടികൾ. അതിന് കാരണം പലതുണ്ട്. വോട്ടെടുപ്പിന് കൂടുതൽ സമയമുണ്ടെങ്കിൽ ഇപ്പോഴേ തുടങ്ങുന്ന പ്രചാരണം അതുവരെ ചൂടോടെ പിടിച്ചുനിർത്തണമെങ്കിൽ പണച്ചെലവേറും. അതിനാൽ, കൂടുതൽ പണമിറക്കിയുള്ള പ്രചാരണമൊക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടുമതി എന്നാണ് തീരുമാനം.
ചില സുപ്രധാന കൺവെൻഷനുകളും യോഗങ്ങളുമൊക്കെ പ്രഖ്യാപനത്തിന് ശേഷമേ ഉണ്ടാകൂ. കനത്ത ചൂടും മറ്റൊരു കാരണമാണ്. അതുകൊണ്ട്തന്നെ കാര്യങ്ങളെല്ലാം ഒന്ന് ‘സെറ്റാ’കുന്നതുവരെ നേരിട്ടിറങ്ങിയുള്ള പ്രചാരണപ്രവർത്തനങ്ങൾ അധികം ആഘോഷമാക്കേണ്ടെന്നാണ് മുന്നണികളുടെ നിലപാട്.
മുമ്പേ പറന്ന് എൽ.ഡി.എഫ്
സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥനാർഥികൾ നിറഞ്ഞുകഴിഞ്ഞു. പോസ്റ്ററുകളൂം ചുവരെഴുത്തും വ്യാപകമാണ്. എറണാകുളത്ത് കെ.ജെ. ഷൈൻ സഭാനേതാക്കളെ സന്ദർശിച്ച് തുടക്കമിട്ട പ്രചാരണം ഗൃസന്ദർശങ്ങളിൽ എത്തിനിൽക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലെയും പ്രധാന വ്യക്തികളെയും സംഘടന ഭാരവാഹികളെയും കാണുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർഥി. സാധാരണക്കാരായ വോട്ടർമാരെ കാണാൻ തൊഴിലിടങ്ങളിലും അവർ എത്തുന്നു.
മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ സി. രവീന്ദ്രനാഥ് ചാലക്കുടി മണ്ഡലത്തിന്റെ ഭാഗമായ ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പ്രചാരണം ഊർജിതമാക്കിയിട്ടുണ്ട്. പ്രമുഖരുടെ കുടുംബങ്ങൾ, വ്യവസായശാലകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം സ്ഥനാർഥിയെത്തി. മൂവാറ്റുപുഴയിലും കോതമംഗലത്തും അഡ്വ. ജോയ്സ് ജോർജും പിറവത്ത് തോമസ് ചാഴിക്കാടനും ആദ്യഘട്ടത്തിൽ തന്നെ മണ്ഡലമാകെ ഓടിയെത്താനുള്ള ശ്രമത്തിലാണ്.
സ്ഥാനാർഥിയെ അറിയാം, എങ്കിലും…
സിറ്റിങ് എം.പിമാരെ മാറ്റേണ്ട എന്ന് തീരുമാനിച്ചതോടെ എറണാകുളത്ത് ഹൈബി ഈഡനും ചാലക്കുടിയിൽ ബെന്നി ബഹനാനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും തന്നെ മത്സരിക്കുമെന്നതിൽ യൂ.ഡി.എഫ് ക്യാമ്പിൽ സംശയമില്ല.
എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ട് മതി പ്രത്യക്ഷ പ്രചാരണ പരിപാടികൾ എന്നാണ് യു.ഡി.എഫ് തീരുമാനം. എന്നാൽ, ഇതിന് മുന്നോടിയായി മുന്നണിയുടെ ജില്ല നേതൃയോഗം അടക്കം കൂടിയാലോചനകളും പ്രാഥമിക ചർച്ചകളും മറ്റ് അടിസ്ഥാന പ്രവർത്തനങ്ങളും പൂർത്തിയായതായി ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. എങ്കിലും എൽ.ഡി.എഫ് പ്രവർത്തകർ വീടുകയറിയുള്ള വോട്ട് ചോദിക്കലും പോസ്റ്റർ പ്രചാരണവുമൊക്കെ തുടങ്ങിയതോടെ എറണാകുളം മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഹൈബിയുടെ ചുവരെഴുത്തുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇടുക്കി മണ്ഡലത്തിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ, കോതമംഗലം മേഖലകളിൽ ഡീൻ കുര്യാക്കോസും സജീവമാണ്. കോട്ടയത്തിന്റെ ഭാഗമായ പിറവത്ത് ഇരു മുന്നണിയും സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചതിനാൽ ഇരുവരുടെയും പോസ്റ്ററുകളും ചുവരെഴുത്തും വ്യാപകമായിട്ടുണ്ട്.