മരട്: കുണ്ടന്നൂർ ജങ്ഷന് സമീപം വാഹനം നിർത്തി ഫോൺ ചെയ്തു നിൽക്കുകയായിരുന്ന ആൾ ലോറിക്കടിയിൽപെട്ട് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ പിടിയിൽ.
പത്തനംതിട്ട തുലാപ്പിള്ളി മുട്ടത്തിൽ വീട്ടിൽ സുധീഷാണ് (36) മരട് പൊലീസിന്റെ പിടിയിലായത്. 13ന് രാത്രി 7.30ന് റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ എളമക്കര പേരണ്ടൂർ റോഡ് നെരിശ്ശാന്തറയിൽ സുധീശൻ (65) ലോറി കയറി മരിച്ച സംഭവത്തിലാണ് പ്രതി പിടിയിലായത്. കുണ്ടന്നൂർ–തേവര പാലത്തിന്റെ കുണ്ടന്നൂർ ഭാഗത്തെ അപ്രോച് റോഡിൽ നെട്ടൂർ ഭാഗത്തേക്കുള്ള യുടേണിനു സമീപമായിരുന്നു അപകടം. അപകട സ്ഥലത്ത് സി.സി ടി.വിയും ദൃക്സാക്ഷികൾ ഇല്ലാതിരുന്നതും പ്രതിയെയും വാഹനവും കണ്ടെത്തുന്നതിന് വെല്ലുവിളിയായി. എറണാകുളം എ.സി.പി രാജ്കുമാറിന്റെ നേതൃത്വത്തിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇടിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അപകടം നടന്ന സ്ഥലം ഡ്രൈവർമാരുടെ കാഴ്ചമറക്കുന്ന വിധത്തിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിൽ പരാതി ഉള്ളതാണ്.