മൂവാറ്റുപുഴ: മാലിന്യവാഹിനിയായി മാറിയ മൂവാറ്റുപുഴയാറിനെ മാലിന്യമുക്തമാക്കാൻ നടപടികളുമായി നഗരസഭ. മാലിന്യം തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകുമെന്ന് ചെയർമാൻ പി.പി. എല്‍ദോസ് പറഞ്ഞു.
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയിലാണ് പുഴയിൽ മാലിന്യ തള്ളുന്നത് തടയാൻ പ്രത്യേക സ്ക്വാഡിന് രൂപംനൽകാൻ തീരുമാനിച്ചത്. പാതയോരങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജനകീയ പങ്കാളിത്തത്തോടെ പ്രത്യേക വിഭാഗം രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കും. മാലിന്യ മുക്ത മൂവാറ്റുപുഴ എന്ന ലക്ഷ്യം കൈവരിക്കാൻ വിപുല പദ്ധതിക്ക് ശില്പശാല രൂപംനൽകി.
കക്കൂസ് മാലിന്യം ഒഴുക്കുന്നവർക്ക് എതിരെയും സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നും പ്രധാന ഓടയിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന വിധത്തിൽ കുഴലുകളും മറ്റും സ്ഥാപിച്ചിരിക്കുന്നവര്‍ക്ക് എതിരെയും ശക്തമായ നടപടിയെടുക്കും. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ നിരീക്ഷിച്ച് കണ്ടെത്തി നോട്ടീസ് നൽകും. നോട്ടീസ് ലഭിക്കുന്നവർ സ്വമേധയാ ഇവ നീക്കം ചെയ്തില്ലെങ്കിൽ നഗരസഭ ആരോഗ്യ,എൻജിനീയർ വിഭാഗം ഉദ്യോഗസ്ഥര്‍ ചേർന്ന് നീക്കം ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്യും. ശില്പശാല പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.