കളമശ്ശേരി: കൊച്ചിൻ ചിൽഡ്രൻസ് സയൻസ് പാർക്കിന് സമീപം ശുദ്ധജല തടാകത്തിലേക്ക് മാലിന്യം ഒഴുക്കി മലിനമാക്കിയ സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകി. കിൻഫ്രയിലെ ഗോൾഡ് സൂക്ക് പാർക്കിൽ പ്രവർത്തിക്കുന്ന 34 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടാണ് കളമശ്ശേരി നഗരസഭ പരാതി നൽകിയത്. ഒരു മാസം മുമ്പാണ് സയൻസ് പാർക്കിന്റെ കൂടെ ഉടമസ്ഥതയിലുളള തടാകത്തിലേക്ക് ഗോൾഡ് സൂക്ക് പാർക്കിൽനിന്ന് കാന കീറി രാസമാലിന്യവും സെപ്റ്റിക് മാലിന്യവും അടങ്ങിയ മലിനജലം ഒഴുക്കിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ കഴിഞ്ഞ 25 ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് നൽകി. എന്നാൽ, ഒരു കമ്പനിയും മറുപടി നൽകിയില്ല.
മലിന്യം ഒഴുക്കിയ കാന നഗരസഭ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൂടി. ഒന്നര ലക്ഷത്തോളം രൂപ ചിലവാകുകയും ചെയ്തു. തടാകം മലിനമായതിനാൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് പാർക്ക് പ്രവർത്തിച്ചുവരുന്നത്. ഇക്കാരണങ്ങളാലാണ് നഗരസഭ നിയമനടപടിക്കൊരുങ്ങിയത്. അതേസമയം, മാലിന്യം ഒഴുക്കിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഭാഗത്ത്നിന്ന് കർശന നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്. മാലിന്യം ഒഴുക്കിയതുമായി ബന്ധപ്പെട്ട് ബോർഡ് കമ്പനികൾക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും സ്വീകരിച്ചില്ലെന്നാണ് അവർ പറയുന്നത്.