പറവൂർ: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിയായ നിമിഷ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ പ്രതിക്ക് മൂന്നു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മറ്റ് രണ്ട് വകുപ്പുകളിലായി ഏഴ് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി.
2018 ജൂലൈ 30നാണ് മോഷണശ്രമത്തിനിടെയാണ് എറണാകുളം അമ്പുനാട് സ്വദേശിയും നിയമ ബിരുദ വിദ്യാർഥിയുമായ നിമിഷ തമ്പിയെ പ്രതി കൊലപ്പെടുത്തിയത്. അമ്മൂമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെയാണ് നിമിഷയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
നിമിഷയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവിനെയും പ്രതി കുത്തിപരിക്കേൽപ്പിച്ചിരുന്നു. എറണാകുളം തടയിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ചുള്ള കവർച്ച, അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.