ആലുവ: സ്ഥിരം കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. മലയാറ്റൂർ ഇല്ലിത്തോട് മങ്ങാട്ടുമോളയിൽ വീട്ടിൽ സിൻസോ ജോണിയെയാണ് (19) ഒമ്പത് മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.
കാലടി, അങ്കമാലി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ജൂലൈയിൽ ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 79 പേരെ നാട് കടത്തി. 92 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. വരും ദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ നടപടികളുണ്ടാകുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.