മൂവാറ്റുപുഴ: പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തളളിയ ലോറി കസ്റ്റഡിയിലെടുത്ത് 10,000 രൂപ പിഴയടപ്പിച്ച് മൂവാറ്റുപുഴ നഗരസഭ. ശനിയാഴ്ച ഉച്ചക്ക് 12 ഓടെ നഗരസഭ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളിയ ലോറിയാണ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്.
അങ്കമാലിയില്‍നിന്ന് ലോറിയിൽ കൊണ്ടുവന്ന ചീഞ്ഞളിഞ്ഞ തണ്ണിമത്തനാണ് റോഡിൽ തളളിയത്. പൊതുനിരത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നഗരസഭ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ച് വരുന്നതിനിടെയാണ് പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം തളളിയത്.
ഇത് നാട്ടുകാർ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുന്നത്.ഉടന്‍ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മാലിന്യം തള്ളിയ ലോറി പിടിച്ചെടുത്തു.
ഇതോടെ ലോറിയിൽ എത്തിച്ച മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത് ആദ്യമായാണെന്നും ഇപ്പോൾ തന്നെ നീക്കം ചെയ്യാമെന്നും മാലിന്യം തളളാന്‍ എത്തിയവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പ്രദേശത്ത് നിക്ഷേപിച്ച മാലിന്യം പൊലീസിന്റെ നേതൃത്വത്തിൽ നിക്ഷേപിച്ചവരെക്കൊണ്ട് തിരികെ ലോറിയിൽ കയറ്റിക്കുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
മൂവാറ്റുപുഴയെ കൂടാതെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സംഘം മാലിന്യം തള്ളിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിജുറാം, ജെ.എച്ച്.ഐ സി.എസ്. ശ്രീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. കേരള പിറവി ദിനത്തില്‍ മാലിന്യ മുക്ത പുതു പിറവി ദിനം എന്ന സന്ദേശം നല്കി മൂവാറ്റുപുഴ നഗരസഭ പൊതു ഇടങ്ങളില്‍ മാലിന്യം തളളുന്നതിന് എതിരായ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു.
പൊതു ഇടങ്ങളില്‍ തളളിയ മാലിന്യങ്ങള്‍ ചെണ്ട കൊട്ടി നീക്കം ചെയ്തു. അനധികൃത മാലിന്യ നിക്ഷേപത്തിന് എതിരെ ഹിന്ദി കൂടാതെ ബംഗാൾ, ഒറീസ എന്നിവിടങ്ങളിലെ ഭാഷകളിലും അനൗണ്‍സ്മെൻറ് നടത്തി. ഈ ഭാഷകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു.
മാലിന്യ രഹിത തെരുവോരം എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ച് വരുന്നത്. അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തിയാല്‍ അമ്പതിനായിരം രൂപ വരെ പിഴയും അറസ്റ്റും ജയില്‍ ശിക്ഷയും ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു.