കൊച്ചി: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങായി മാറി ‘സ്നേഹിത’. രണ്ടു വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് രണ്ടായിരത്തോളം കേസുകൾ. കുടുംബശ്രീ മിഷന് കീഴിൽ സംസ്ഥാനത്താദ്യമായി ‘സ്നേഹിത’ ജെൻഡർ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ച ജില്ലകളിലൊന്ന് എറണാകുളമായിരുന്നു. രൂപീകൃതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ സംസ്ഥാനത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് ഇവർ കാഴ്ച വെക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം ജില്ലയിൽ ‘സ്നേഹിത’ കൈകാര്യം ചെയ്തത് സ്ത്രീകളും കുട്ടികളും വിവിധ തരത്തിൽ ഇരകളാക്കപ്പെട്ട 1724 കേസുകളാണ്. ഇതിൽ 435 കേസുകൾ നേരിട്ടും 1289 കേസുകൾ ഫോൺമുഖേനയും ‘സ്നേഹിത’ക്ക് മുന്നിലെത്തി. പോയവർഷം ജില്ലയിൽ 227 കേസുകൾ നേരിട്ടും 541 കേസുകൾ ഫോൺ മുഖേനയും രജിസ്റ്റർ ചെയ്തപ്പോൾ തൊട്ട് മുൻവർഷം ഇത് യഥാക്രമം 208, 748 എന്നിങ്ങനെയാണ്. 2022ൽ ജില്ലയിൽ 255 ഗാർഹിക പീഡനക്കേസുകൾ ‘സ്നേഹിത’ക്ക് മുന്നിലെത്തിയപ്പോൾ കഴിഞ്ഞ വർഷം അത് 249 എണ്ണമാണ്. നേരിട്ടെത്തുന്ന പരാതികളോടൊപ്പം ഇവരുടെ ടോൾഫ്രീനമ്പറിൽ കോളുകളായെത്തുന്ന പരാതികളിലും കൃത്യമായ അന്വേഷണം നടത്തി പൊലീസ് അടക്കമുളള നിയമസംവിധാനങ്ങളുടെ ഇടപെടലിലൂടെയാണ് ഇരകൾക്ക് നീതിയുറപ്പാക്കുന്നത്. ഇതിനുപുറമേ സഹായം തേടിയെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമാവശ്യമായ നിയമസഹായം, വൈദ്യചികിത്സ, ചെറിയകാലയളവിലേക്കുളള താമസം, ഭക്ഷണം അടക്കമുളള കാര്യങ്ങളും ഇവർ ചെയ്തുകൊടുക്കുന്നുണ്ട്.
ഇതോടൊപ്പം തന്നെ ടെലി കൗൺസലിങ്ങ് സംവിധാനവുമുണ്ട്. മദ്യമടക്കമുളള ലഹരി വസ്തുക്കൾക്കെതിരെ ബോധവത്കരണം, ലഹരി വിമുക്ത ചികിത്സ അടക്കമുളള കാര്യങ്ങളും സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുളള വിമുക്തി മിഷനുമായി സഹകരിച്ച് നടപ്പാക്കുന്നുണ്ട്. ഇതിനായി വാർഡ് തലത്തിൽ വിജിലൻറ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്.
സ്നേഹിതയുടെ ഹെൽപ് ലൈൻ നമ്പറായ 180042555678 എന്ന ടോൾഫ്രീ നമ്പറിലേക്കും സഹായം തേടി വിളിക്കാം. കൗൺസിലർമാരടക്കമുളള വനിതാജിവനക്കാരാണ് 24 മണിക്കൂറും ഇവിടെ സഹായം ഉറപ്പാക്കുന്നത്.
‘സ്നേഹിത’ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകൾ-2023
നേരിട്ട് രജിസ്റ്റർ ചെയ്തത് -227
ടെലിഫോൺ മുഖേന -541
**********
2022ൽ രജിസ്റ്റർ ചെയ്തത്
നേരിട്ട് -208
ടെലഫോൺ വഴി -748