ആലുവ: കുട്ടമശ്ശേരിയിൽ വീട് കുത്തിത്തുറന്ന് കവർച്ച. കുട്ടമശ്ശേരി ചെങ്ങനാലിൽ മുഹമ്മദലിയുടെ വീട് കുത്തിത്തുറന്നാണ് 18 പവനും 12500 രൂപയും കവർന്നത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേർ വീട് കുത്തി തുറക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
വീടിന്റെ പിന്നിലെ ഗ്രില്ലും കതകും കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. വൈകീട്ടോടെ വീട്ടുകാർ മൂവാറ്റുപുഴയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ശനിയാഴ്ച രാവിലെ തിരിച്ചെത്തുമ്പോഴാണ് സംഭവമറിഞ്ഞത്. സി.സി.ടി.വിയിൽ നിന്നാണ് മോഷണ വിവരങ്ങൾ ലഭിച്ചത്.

പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി ദൃശ്യം
ബൈക്കിലെത്തിയ മോഷ്ടാക്കളിൽ ഒരാളാണ് ആദ്യം മതിൽ ചാടി കടന്നത്. വീടിനകത്ത് കയറിയ മോഷ്ടാവ് അലമാരകളും മേശകളുമെല്ലാം പരതിയിട്ടുണ്ട്. ഒരു അലമാരയിൽ സൂക്ഷിച്ചിരുന്ന 18 പവൻ സ്വർണവും മേശയിൽ സൂക്ഷിച്ചിരുന്ന 12500 രൂപയുമാണ് എടുത്തത്. ഇതിന് ശേഷം 11.40 ഓടെ ഇയാൾ മതിൽ ചാടി കടന്ന് തിരികെ പോയി. എന്നാൽ, 10 മിനിറ്റിന് ശേഷം ഇയാളും മറ്റൊരാളും വീണ്ടുമെത്തി സെറ്റപ്പ് ബോക്സ് എടുത്തുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
വീട്ടിൽ ആരുമില്ലെന്ന് അറിഞ്ഞാണ് മോഷ്ടാക്കൾ എത്തിയതെന്ന് കരുതുന്നു. എസ്.പി ട്രെയിനി അഞ്ജലി, ഡിവൈ.എസ്.പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും വിവരങ്ങൾ ശേഖരിച്ചു.