ബാങ്കിൽ വ്യാജ നോട്ട് നൽകാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരൻ പിടിയിൽ

Estimated read time 1 min read

കുന്നുകര: സഹകരണ ബാങ്കിൽ വ്യാജ കറൻസി കൈമാറ്റം ചെയ്യാൻ ശ്രമിച്ച ലോട്ടറി വിൽപനക്കാരനായ യുവാവ് അറസ്റ്റിൽ. വയൽകര പ്ലാശ്ശേരി വീട്ടിൽ ശ്രീനാഥിനെ (32) ചെങ്ങമനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് സംഭവം.

ബാങ്കിലുള്ള ഇയാളുടെ സ്വന്തം അക്കൗണ്ടിലേക്ക് 500ന്‍റെ 11 വ്യാജ നോട്ടുകൾ നിക്ഷേപിക്കാൻ ഏൽപിച്ച ശേഷം ഇയാൾ മടങ്ങിയെങ്കിലും സംശയം തോന്നിയ ‘ബാങ്ക് അധികൃതർ ചെങ്ങമനാട് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിൽ പൊലീസ് ഇയാളെ ഗോതുരുത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. നോട്ടുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോട്ടറി വിൽപനക്കിടെ നോട്ടുകൾ റോഡരികിലെ പുല്ലിൽ നിന്ന് കിട്ടിയതാണെന്ന് ഇയാൾ പറയുന്നു. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

അതിനിടെ തിങ്കളാഴ്ച ഉച്ചയോടെ കുന്നുകര സ്കൂളിന് സമീപത്തെ റോഡരികിലെ കുറ്റിക്കാട്ടിൽ നിന്ന് വഴിയാത്രക്കാർക്കും 500ന്‍റെ വ്യാജനോട്ടുകൾ കിട്ടിയതായി പറയുന്നു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി. മേഖലയിൽ കള്ളനോട്ടുകൾ ഉപയോഗിച്ച് വ്യാപകമായി ക്രയവിക്രയം ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

വ്യാജ നോട്ടുകൾ പിടികൂടാൻ ഇടയായതോടെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ എസ്.ഐമാരായ സതീഷ് കുമാർ, നൗഷാദ്, സീനിയർ സി. പി. ഒ മാരായ കിഷോർ, ജോയി ചെറിയാൻ, സി.പി.ഒ മാരായ വിബിൻദാസ്, രഞ്ജിത്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

You May Also Like

More From Author