കോതമംഗലം: തങ്കളത്ത് ഞായറാഴ്ച രാത്രി നേര്യമംഗലം സ്വദേശി അലൻ ലാലുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തങ്കളത്ത് പ്രവർത്തിക്കുന്ന ബാറിൽ മദ്യപിച്ചതിന്റെ പണം സംബന്ധിച്ച തർക്കത്തെ തുടർന്നാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് പ്രതികളായ കുത്തുകഴി അയ്യങ്കാവ് പ്ലാച്ചേരി പി.ജി. പ്രദീപ് (ബാബു 53), ഓണക്കൂർ പാലം ജങ്ഷൻ തച്ചപ്പിള്ളിൽ ടി.ആർ. ആഗോഷ് (36), മരങ്ങാട്ടിൽ ദേവസ്യ (24), ഓണക്കൂർ പ്ലാത്തോട്ടത്തിൽ ജോൺസൺ ജോയി (34) എന്നിവരെ പടികൂടി. പ്രദീപ് ബാറിലെ ജീവനക്കാരനാണ്. ഗുരുതരമായി പരിക്കേറ്റ അലൻ ചികിത്സയിലാണ്. പൊലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയി, സബ് ഇൻസ്പെക്ടർ ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.